cpm

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനം നിറുത്തേണ്ടതില്ലെന്നും പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇയുടെ നിലനില്പ് പ്രധാനമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം, പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഇടപെടലുകളുണ്ടാവണം. ഇക്കാര്യത്തിൽ സർക്കാർ നടപടികൾക്ക് സെക്രട്ടേറിയറ്റ് യോഗം പിന്തുണ നൽകി.

ധാതുസമ്പത്ത് വെറുതേ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത് എന്നുപറഞ്ഞ് ഖനനം അവസാനിപ്പിക്കുന്നതാവും നല്ലത് എന്ന് വ്യക്തമാക്കിയ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാട് പാർട്ടി തള്ളുകയാണ്. സി.പി.എം തുടക്കം മുതൽ കൈക്കൊള്ളുന്ന നിലപാട് തന്നെയാണ് സെക്രട്ടേറിയറ്റ് യോഗവും അംഗീകരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഇതുവരെയുണ്ടായ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന രണ്ട് മേഖലാജാഥകളുടെ തയ്യാറെടുപ്പുകളും ചർച്ചയായി. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയ പ്രസംഗം തീവ്ര ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് പാർട്ടി വിലയിരുത്തൽ. വിശ്വാസവികാരത്തെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയെന്ന തന്ത്രം സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടാനാവശ്യമായ ഇടപെടലുണ്ടാവണമെന്നാണ് സി.പി.എം തീരുമാനം. അതോടൊപ്പം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്നതും സി.പി.എം പ്രചരണായുധമാക്കും.