തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിൻ ശാഖയിൽ അതിക്രമം കാട്ടിയതിന് റിമാൻഡിലായ ആറ് സർക്കാർ ജീവനക്കാരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ചരക്കു സേവന നികുതി വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടറും എൻ.ജി.ഒ യൂണിയൻ നേതാവുമായ സുരേഷ് ബാബു, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ്‌കുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരനായ ശ്രീവത്സൻ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, പബ്ലിക് ഹെൽത്ത് ലാബ് ജീവനക്കാരൻ ബിജുരാജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വിനുകുമാർ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. 15 പേർ പ്രതികളായ കേസിൽ 8 പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ള 7 പേരെ പിടികൂടുന്നതിന് മുൻപ് ഇവർക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതികൾക്കെതിരെ പൊതുമുതൽ നശീകരണം, അന്യായമായി അതിക്രമിച്ച് കടക്കൽ, അസഭ്യം പറയൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. പ്രതികൾ ബാങ്കിൽ അതിക്രമിച്ച് കയറി ഒാഫീസ് ഉപകരണങ്ങൾ നശിപ്പിച്ചു, ചില്ല് മേശ അടിച്ചു തകർത്തു, മാനേജരുടെ മൊബെെൽ ഫോൺ നശിപ്പിച്ചു, ക്യാബിൻ തല്ളിത്തകർത്തു എന്നിവയിലൂടെ ബാങ്കിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ആറുപേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അക്രമം നടത്തിയ സർക്കാർ ജീവനക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തേ വകുപ്പ് മേധാവികൾക്ക് നോട്ടീസ് നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിലായാൽ 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണ് ചട്ടം. അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞിട്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചാൽ ഇവരെ സർവീസിൽ നിന്നു പിരിച്ചുവിടേണ്ടിവരും.