തിരുവനന്തപുരം: നഗരത്തിൽ വീണ്ടും മൂന്നക്ക എഴുത്തു ലോട്ടറി ചൂതാട്ടം. പഴവങ്ങാടി കേന്ദ്രീകരിച്ചു ചൂതാട്ടം നടത്തിയ രണ്ടുപേർ പിടിയിൽ. അമ്പലത്തറ സ്വദേശികളായ അബ്ദുൽ ലത്തീഫ് (30), മുസ്താഫുദ്ദീൻ(27) എന്നിവരെയാണ് പിടികൂടിയത്. സമ്മാനാർഹമാകുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്കം വാതുവച്ചായിരുന്നു ചൂതാട്ടം. കഴിഞ്ഞ വർഷം തമ്പാനൂർ, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിലും സമാന്തര ലോട്ടറി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എഴുത്തു ലോട്ടറി ചൂതാട്ടത്തിലൂടെ സാധാരണക്കാർക്കു ആയിരങ്ങളാണു ദിവസേന നഷ്ടമാകുന്നത്. നടത്തിപ്പുകാരിൽ നിന്നു പേപ്പറിൽ മൂന്നക്ക നമ്പർ നേരത്തെ എഴുതി വാങ്ങും. സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ ഫലം വരുമ്പോൾ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന മൂന്നക്കവും എഴുത്തിലെ മൂന്നക്കവും ഒരുപോലെ വന്നാൽ അവർക്കു സമ്മാനം എന്നതാണു വ്യവസ്ഥ. വാട്സാപ്പ് വഴി സന്ദേശം അയച്ചാണ് കൂടുതൽപേരും നമ്പറുകൾ എഴുതിപ്പിക്കുന്നത്. ഫലം വരുമ്പോൾ ഈ നമ്പർ ശരിയായാൽ 5000 രൂപ സമ്മാനമായി നൽകും. 10 രൂപ മുതൽ 20 രൂപ വരെയാണ് എഴുത്ത് ലോട്ടറിയുടെ നിരക്ക്. പത്തു തവണ എഴുതിച്ചാൽ കടക്കാരനു ടിക്കറ്റ് വിൽക്കാതെ തന്നെ 200 രൂപ ലഭിക്കും. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.