ബാലരാമപുരം: മംഗലത്തുകോണം ചാവടിനട റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിലും പോസ്റ്റിലുമിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. നെല്ലിവിള പുത്തൻവീട്ടിൽ മുരുകൻ- രാഖി ദമ്പതികളുടെ മകൻ അശ്വിൻ (19), മംഗലത്തുകോണം കീഴേതോട്ടം വിളയിൽതട്ട് വീട്ടിൽ സുദർശനൻ - ജയ ദമ്പതികളുടെ മകൻ സുജിൻ (21) എന്നിവരാണ് മരിച്ചത്. മരുതൂർക്കോണം പി.ടി.എം കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ട് നാല് മണി കഴിഞ്ഞാണ് സംഭവം.
ക്ലാസ് കഴിഞ്ഞ് മടങ്ങവേയാണ് അപകടം നടന്നത്. സുജിൻ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. റോഡിൽ തെറിച്ചു വീണ് ചലനമറ്റ് കിടന്ന ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരും ദിവസവും ഒരുമിച്ചാണ് കോളേജിൽ നിന്ന് മടങ്ങാറ്.
നെല്ലിവിളയിൽ വീടിനോട് ചേർന്ന് മാവ് കച്ചവടം നടത്തുകയാണ് അശ്വിന്റെ പിതാവ് മുരുകൻ. സുജിന്റെ പിതാവ് മംഗലത്തുകോണത്ത് ലോട്ടറി വില്പനക്കാരനും അമ്മ മുക്കോലയിലെ ബാർ ഹോട്ടൽ ജീവനക്കാരിയുമാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പി.ടി.എം ഗ്രൂപ്പിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ മാനേജർ അറിയിച്ചു.