കഴക്കൂട്ടം: കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരമാകും. ദേശീയപാത അതോറിട്ടിയുടെ കീഴിൽ നടക്കുന്ന മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബൈപാസിൽ ടെക്‌നോപാർക്കിന്റെ പ്രധാന കവാടത്തിന് സമീപത്ത് നിന്നു ദേശീയപാതയിൽ വിജയാ ബാങ്കിന് സമീപം അവസാനിക്കുന്ന തരത്തിലാണ് മേൽപ്പാലം നിർമ്മിക്കുക. ഇതിന്റെ നിർമ്മാണ ചുമതല കൊച്ചി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ആഴ്ചകൾ നീണ്ട മണ്ണ് പരിശോധനയ്ക്ക് ശേഷമാണ് കോൺഗ്രീറ്റ് തൂണ് സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ആരംഭിച്ചത്. ടെക്നോപാർക്കിന് സമീപത്തു നിന്നാണ് ഇത് തുടങ്ങിയത്. നാലുവരിപ്പാതയുടെ മദ്ധ്യഭാഗത്തെ മീഡിയനിലാണ് പില്ലറുകൾ ഉയരുക. അതിനിടെ പൈലിംഗിൽ സമീപത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും നേരിയ രീതിയിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്ന് നാട്ടുകാർ പൈലിംഗ് തടസപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലിംഗ് പുനരാരംഭിക്കുകയായിരുന്നു. അവസാന ഘട്ട നിർമ്മാണം നടക്കുന്ന കഴക്കൂട്ടം - മുക്കോല ബൈപാസിന്റെ പൂർത്തീകരണത്തോടെ ഇവിടെത്തെ മേൽപ്പാലവും പൂർത്തീകരിക്കാനാണ് നാഷണൽ ഹൈവേ അതോറിട്ടി ലക്ഷ്യമിടുന്നത്. കഴക്കൂട്ടം ജംഗ്ഷന് തൊട്ട് മുന്നിലുള്ള ബൈപാസ് നിലവിൽ ജംഗ്ഷൻ വരെ മാത്രമേ നാലുവരിപ്പാത ആയിട്ടുള്ളൂ. ഇവിടെ നിന്നു ആറ്റിങ്ങൾ ഭാഗത്തേക്ക് ഭൂമി ഏറ്റെടുത്ത് പാത ഇരട്ടിപ്പിക്കേണ്ട നടപടികൾ കല്ലിടൽ ചടങ്ങിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. ഇതുകൂടി യാഥാർത്ഥ്യമായാൽ മാത്രമേ യാത്രക്കാർക്ക് മേൽപ്പാലം കൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളു.
നീളം- 2 .7 കിലോമീറ്റർ
വീതി- 44 മീറ്റർ