ന്യൂഡൽഹി : അതിർത്തിരക്ഷാസേനയിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ട ജവാൻ തേജ് ബഹദൂർ യാദവിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ റെവാറിയിലുള്ള വസതിയിലാണ് ഇദ്ദേഹത്തിന്റെ മകൻ രോഹിതിനെ (22) മരിച്ച നിലയിൽ കണ്ടെത്തിയത്.
അടച്ചിട്ട മുറിക്കുള്ളിൽ കൈയിൽ തോക്കു പിടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രയാഗ്‌രാജിൽ കുംഭമേളക്ക് പോയ തേജ് ബഹാദൂർ യാദവിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് രോഹിത് എടുത്തതാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
കരിഞ്ഞ ചപ്പാത്തിയും കറിയുമാണ് സൈനികർക്ക് ഭക്ഷണമായി നൽകുന്നതെന്ന് ആരോപിച്ച് 2017ലാണ് തേജ് ബഹദൂർ ഫേയ്സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. തുടർന്ന് അതിർത്തിയിലെ ജോലിയിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുകയും പിന്നീട് അതിർത്തി രക്ഷാ സേനയിൽ നിന്നു പുറത്താക്കുകയുമായിരുന്നു.