ഈ നവോത്ഥാനം എപ്പോളാണ് എങ്ങനെയാണ് പൊട്ടിപ്പുറപ്പെടുക എന്ന് ഒട്ടും പ്രതീക്ഷിക്കാനാവില്ല. ചിലപ്പോൾ ആകാശത്ത് നിന്ന് 'ഠോ' എന്ന ശബ്ദത്തോടെ നവോത്ഥാനം പറന്നിറങ്ങിയേക്കാം. ഉൽക്ക വീഴ്ചയാണെന്ന് അപ്പോളാരും തെറ്റിദ്ധരിക്കേണ്ടതില്ല. സുവർണാവസരം ശ്രീധരൻപിള്ളച്ചേട്ടന് ആ വരവ് കണ്ട് ഞെട്ടലുണ്ടാവാറില്ല. കൊക്കെത്ര കുളം കണ്ടതാ എന്ന മട്ടിലദ്ദേഹം കൈയുംകെട്ടി നിൽക്കുകയേ ഉള്ളൂ. അദ്ദേഹം സദാപി ഒറ്റും കെണിയും വച്ച്, (പറന്നിറങ്ങുന്ന നവോത്ഥാനത്തെ കൈയോടെ പിടികൂടാൻ), കാത്തിരിക്കുന്ന ദേഹിയാണ്. അതുകൊണ്ടുതന്നെ പറന്നിറങ്ങാൻ വെമ്പും നേരം നവോത്ഥാനം പോലും ഒട്ടൊന്ന് ശങ്കിച്ച് നിൽക്കും, പിള്ളച്ചേട്ടനുണ്ടോ ആ വഴിയിലെങ്ങാനും എന്ന് നോക്കിയിട്ടേ അത് പറന്നിറങ്ങാറുള്ളൂ.
നവോത്ഥാനം വന്നിറങ്ങുന്നതിന്റെ ലക്ഷണം പ്രകടമാകുന്നത് ശബരിമലയിലേക്ക് തൊട്ടുപിന്നാലെ 50 വയസെത്താത്ത പെണ്ണുങ്ങൾ നടന്നുവരുമ്പോഴാണത്രെ. അല്ലാതെ നവോത്ഥാനത്തിന് പിന്നാലെ പേമാരിയോ കൊടുംശൈത്യമോ ഭൂമികുലുക്കമോ സംഭവിക്കാറില്ല. അങ്ങനെ പെണ്ണുങ്ങളെ കാണുന്ന മാത്രയിൽ സുവർണാവസരം പിള്ളച്ചേട്ടന്റെ അകക്കാമ്പ് ഒന്ന് പിടയ്ക്കും. ആ പിടയ്ക്കലിനിടയിലാണ് ശബരിമലയിൽ 'കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട് " എന്ന മട്ടിൽ നവോത്ഥാനവുമായുള്ള പിള്ളച്ചേട്ടന്റെ സംഘത്തിന്റെയും പരിവാരത്തിന്റെയും മല്ലയുദ്ധം! ആ യുദ്ധത്തിൽ അംഗഭംഗം, മാനഹാനി എന്നിത്യാദി ശകുനങ്ങൾ സംഭവിക്കാറ് പതിവാണ്.
പിണറായി സഖാവിന്റെ വേഷപ്പകർച്ചയാണ് നവോത്ഥാനം എന്ന് വല്ലാതെ തെറ്റിദ്ധരിച്ചു പോയവരുണ്ട്. പിണറായി സഖാവിന്റെ ചങ്ക് ബ്രോ ബെഹ്റപ്പൊലീസിന്റെ ഡപ്പാംകൂത്താണെന്ന് തെറ്റിദ്ധരിച്ചവരും കുറവല്ല. സത്യസന്ധമായി പറയട്ടെ, ഇത്തരം തെറ്റിദ്ധാരണയിൽ അകപ്പെട്ടുപോയവരുടെ കൂട്ടത്തിൽ ശ്രീധരൻപിള്ളച്ചേട്ടനില്ല. ഒരു തരത്തിലുള്ള തെറ്റിദ്ധാരണയിലും വീണുപോകുന്ന പ്രകൃതക്കാരനല്ല സുവർണാവസരം പിള്ളച്ചേട്ടൻ.
അങ്ങനെയിരിക്കെ, അങ്ങേയറ്റം ജാഗ്രത്തായി നിൽക്കുന്ന പിള്ളച്ചേട്ടനെ പോലും കബളിപ്പിച്ച് അമ്പത്തിയൊന്ന് യുവതികൾ ശബരിമല കയറിപ്പോയി എന്നിപ്പോൾ പിണറായി സഖാവിന്റെ സ്വന്തം ബെഹ്റപ്പൊലീസ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. ഇതുകേട്ട് ആദ്യം ഞെട്ടിത്തരിച്ചതും ബോധം കെട്ടതും ഹജൂർകച്ചേരിനടയിൽ ഉണ്ണാവ്രതം കിടക്കുന്ന സാക്ഷാൽ കൃഷ്ണദാസ്ജിയും രമ ടീച്ചറുമായിരുന്നു. ബോധം തിരിച്ചുകിട്ടിയത്, ബെഹ്റപ്പൊലീസിന്റെ നവോത്ഥാന എന്റർടെയ്നർ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞ മാത്രയിലായിരുന്നു.
അമ്പത്തൊന്നല്ല, പതിനാറായിരത്തെട്ട് യുവതികൾ ശബരിമലയിൽ കേറിപ്പോയാലും നമുക്കതൊരു വിഷയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞത് നന്നായി. അല്ലായിരുന്നെങ്കിൽ എന്തായേനെ കഥ!
സുപ്രീംകോടതി ഈ അമ്പത്തൊന്ന് യുവതികളുടെ ജാതകവും നക്ഷത്രവും ചികയാൻ പോയിരുന്നെങ്കിൽ ബെഹ്റപ്പൊലീസിന്റെ ഗതി മറ്റെന്തെങ്കിലുമായിത്തീരുമായിരുന്നുവെന്നാണ് ഇപ്പോൾ നവോത്ഥാനനാട്ടിൽ പലരും അടക്കം പറയുന്നത്. ഈ അമ്പത്തൊന്നിന്റെ പട്ടികയിൽ പെട്ട പരംജ്യോതി തമിഴ്നാട്ടിലെ വീട്ടിലിരുന്ന് കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണത്രെ. ബെഹ്റപ്പൊലീസ് യുവതീപട്ടം നൽകി ആദരിച്ചിട്ടും ഈ കണ്ണാടി മാത്രമെന്തേ തന്നെ പുരുഷന്റെ രൂപത്തിൽ കാണിക്കുന്നത് എന്ന് ചോദിച്ചാണ് തല്ലിപ്പൊളിക്കൽ. അമ്പത്തൊന്നിൽ പെട്ട മറ്റ് ചിലരുടെ ജാതകം കണ്ടെത്താൻ സി.ബി.ഐ സേതുരാമയ്യരെ ചുമതലപ്പെടുത്തിയെന്നാണ് കേൾവി.
ഇനി ജാതകം കണ്ടെത്തിയാലും അതിലൊരു നവോത്ഥാനത്തിന്റെ കുറവ് പാടില്ലെന്ന് ബെഹ്റപ്പൊലീസിനോട് പിണറായി സഖാവ് ചട്ടം കെട്ടിയിട്ടുണ്ട്. അതുകൊണ്ട് ഇനിയും ഇതുപോലുള്ള എന്റർടെയ്ൻമെന്റുകൾ പലതും സംഭവിച്ചാൽ ആരും അദ്ഭുതപ്പെടേണ്ടതില്ല.
വിപ്ലവവും സോഷ്യലിസവും സമാസമം അരച്ചുകലക്കി നാല് നേരം സേവിച്ച് കഴിയുന്ന സാക്ഷാൽ പ്രേമചന്ദ്രൻസഖാവിനെ കണ്ടാൽ കൊല്ലം ബൈപ്പാസിനെ ഇളക്കിമറിക്കാൻ കെല്പുള്ള ദേഹിയാണെന്ന് പറയുകയേയില്ല. ആ ദേഹത്തിലൊരു രാഭണൻ ഉറങ്ങിക്കിടപ്പുണ്ടെന്ന് മണത്തറിഞ്ഞിരുന്നെങ്കിൽ കവിമന്ത്രി ജി.സു.സഖാവ് പോലും എന്തെങ്കിലുമൊരു മുൻകരുതൽ കൈക്കൊള്ളുമായിരുന്നു. ഈ രാഭണനെ സൂക്ഷിക്കണം എന്നാണിപ്പോൾ ജി.സു.സഖാവ് കൊല്ലം കടാപ്പുറത്ത് പാടിപ്പാടി നടക്കുന്നത്.
മണ്ണും ചാരി നിന്ന ന.മോ.ജി വന്ന് കൊല്ലം ബൈപ്പാസിനെയും കൊണ്ടു കടന്നുകളയുമെന്നത് ജി.സു.സഖാവിന് ചിന്തിക്കാൻ പോലും കഴിയുന്ന സംഗതിയല്ല. പക്ഷേ, ന.മോ.ജിയല്ലേ ആള്. ആള് ജപ്പാനാണെന്ന് പ്രത്യേകിച്ചാരും പറഞ്ഞുകൊടുക്കേണ്ടതില്ല.
ന.മോ.ജി മാരീചവേഷത്തിലെത്തി പണി പറ്റിച്ചത് ജി.സു.മന്ത്രിക്ക് ഒട്ടുമേ പിടികിട്ടാത്ത സംഗതിയായിപ്പോയത് അതുകൊണ്ടായിരുന്നു. അതേക്കുറിച്ച് ജി.സു.മന്ത്രി ഗാഢമായി ചിന്തിക്കവേയാണ് കൊല്ലം ബൈപ്പാസിനെ ഡൽഹി കടത്തിവിട്ട യഥാർത്ഥ രാഭണൻ പ്രേമചന്ദ്രൻസഖാവാണെന്ന ഉൾവിളിയുണ്ടായത്. അതേ നേരത്ത് തന്നെ പിണറായി സഖാവിലും ഉൾവിളിയുണ്ടായി. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് ന.മോ.ജി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞത് പ്രേമചന്ദ്രൻസഖാവിനെ ഉദ്ദേശിച്ച് മാത്രമാണെന്നാണ് ഇരുവരും സംശയിക്കുന്നത്. പിണറായി സഖാവിന്റെ ജനകീയജനാധിപത്യ വിപ്ലവം പ്രേമചന്ദ്രൻസഖാവിന്റെ വിപ്ലവസോഷ്യലിസത്തിൽ തട്ടി തകരാനൊന്നും ഇടയില്ലെങ്കിലും കൊല്ലം കണ്ട പ്രേമചന്ദ്രൻ സഖാവിനെ ഇല്ലത്തേക്ക് കടത്തിവിടാൻ വല്ല കോപ്പുമുണ്ടോയെന്ന് ഗാഢമായി ചിന്തിക്കുകയാണിപ്പോൾ പി.സഖാവും കൂട്ടരുമെന്നാണറിയുന്നത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com