വെഞ്ഞാറമൂട്: എം.സി റോഡിലെ പ്രധാന ജംഗ്ഷനായ കന്യാകുളങ്ങരയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി പരാതി. മറ്റു പ്രധാന പാതകളായ പോത്തൻകോട് റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും, നെടുമങ്ങാട് റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും കന്യാകുളങ്ങര ജംഗ്ഷനിലേക്ക് ഒരുമിച്ചു വന്ന് കയറുമ്പോൾ ഉണ്ടാകുന്ന തിരക്കാണ് ഇവിടെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. ജംഗ്ഷന് സമീപത്തായി രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളും, നിരവധി സ്വകാര്യ ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഇവിടത്തെ ഗതാഗതക്കുരുക്ക് ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കുന്നത് വിദ്യാർത്ഥികളെ തന്നെയാണ്. തിരക്കേറിയ സമയങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ ഇവർ പെടാപ്പാട് പെടുകയാണ്. കന്യാകുളങ്ങര ചന്തയും ജംഗ്ഷനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ചന്ത ദിവസങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. ചന്തയിലേക്ക് ചരക്ക് സാധനങ്ങളുമായി വരുന്ന വലിയ ലോറികളും തിരിച്ച് ലോഡ് കയറ്റി പോകുന്ന ചെറിയ വാഹനങ്ങളും കൂടിയാകുബോൾ ജംഗ്ഷൻ തിങ്ങിനിറയും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ജംഗ്ഷനിൽ കൃത്യമായ ബസ് പോയിന്റുകൾ ഇല്ലാത്തതും ഇവിടത്തെ ഗതാഗതക്കുരുക്കിന് കാരണമാണ്. രാവിലെയും വൈകിട്ടും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നതും നിത്യ കാഴ്ചയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സ്കൂളുകളിൽ നിന്ന് എസ്.പി.സി കുട്ടികൾ വരാറുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല. ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്തത് ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ച് ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് നാട്ടുകാരും കച്ചവടക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നു.