ദൈവം എന്നൊന്നില്ല എന്ന് യുക്തിപൂർവം സമർത്ഥിച്ചു തരുന്ന ഒരാൾ. വേദാന്തം, ബ്രഹ്മം, മോക്ഷം തുടങ്ങിയ വാക്കുകൾ പോലും പറയാൻ പാടില്ല. ഇതൊക്കെ മനുഷ്യരെ വഴിതെറ്റിക്കുന്ന സങ്കല്പങ്ങളാണ്. ഈ ലോകവും അതിൽ നിന്നു നമുക്കുണ്ടാകുന്ന സുഖവും തന്നെയാണ് സത്യം.
ഈ ആശയങ്ങളൊക്കെ കേട്ടപ്പോൾ എനിക്കു തോന്നി ഇദ്ദേഹമൊരു ഭൗതികവാദിയോ ചാർവാകദർശനക്കാരനോ ആണെന്ന്. ഞാൻ ചോദിച്ചു:
''അപ്പോൾ മനുഷ്യർക്കു ജീവിതത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകാറുണ്ടല്ലോ? അതെങ്ങനെ സംഭവിക്കുന്നു?"
''ചില പൈശാചികശക്തികളുണ്ട്. അവരാണ് ഈ ദുഃഖങ്ങളും രോഗങ്ങളുമൊക്കെ വരുത്തിവെയ്ക്കുന്നത്. അവയെ തടഞ്ഞു നിറുത്തണം. അപ്പോൾ ദുഃഖങ്ങളും രോഗങ്ങളും ഒക്കെ ഒഴിഞ്ഞുപോകും."
''അപ്പോൾ ആശുപത്രികളൊക്കെ അടച്ചു പൂട്ടാമല്ലോ?"
''തീർച്ചയായും."
''നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ല. പക്ഷേ പിശാചുക്കളിൽ വിശ്വാസമുണ്ട്. ഈ രണ്ടു വിശ്വാസങ്ങളിൽ ഏതാണ് സന്തോഷം തരുന്നത്?"
''പിശാചിലുള്ള വിശ്വാസം. കാരണം, അവയെ തടഞ്ഞുനിറുത്തിയാൽ മതി പ്രശ്നങ്ങൾ തീരാൻ."
''കൊള്ളാമല്ലോ ഈ തത്ത്വശാസ്ത്രം! ആട്ടെ, ഇതൊക്കെ ആരു പഠിപ്പിച്ചു?"
''ഉള്ളിലുള്ള ബോധമാണ് സത്യം. അതിലാണ് ഇതൊക്കെ തെളിഞ്ഞുകിട്ടിയത്."
''അപ്പോൾ പിശാചുക്കളുടെ കാര്യമോ?"
''ആ ബോധസത്യത്തിൽ ചില സ്പന്ദനങ്ങളുണ്ടാകും. അതാണ് പിശാചുക്കളെ ചൂണ്ടിക്കാണിച്ചു തരുന്നത്. ആ പിശാചുക്കളെ തടഞ്ഞുനിറുത്തിക്കൊണ്ട് ജീവിതത്തിൽ അങ്ങേയറ്റത്തെ സ്വാതന്ത്ര്യം അനുഭവിക്കുന്നയാളാണ് ഞാൻ."
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന മറ്റൊരാൾ,
''ജീവിതത്തിൽ ഇപ്പോൾത്തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തെയല്ലേ ഗീതയിലും മറ്റും മോക്ഷമെന്നു വിളിക്കുന്നത്?"
''അല്ല, ആ മോക്ഷം വേറെ."
''ആട്ടെ ഗീത പഠിച്ചിട്ടുണ്ടോ?"
''ഇല്ല. ചില വരികളറിയാം. അതു മതിയല്ലോ അതിന്റെ സ്വഭാവം മനസിലാക്കാൻ. ഞാനതു പഠിക്കില്ല."
ഇതേയാളിന്റെ വീട്ടിൽ ഒരാളെത്തി. ഒരു മരണവാർത്തയറിയിക്കാനാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു,
''ഒരു നിമിഷം നിൽക്കണേ. മരിച്ചയാൾ പുനർജനിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ ഞാൻ പറഞ്ഞു തരാം!"
ഉടനെ അകത്തുപോയി അല്പം കഴിഞ്ഞിട്ടു വന്നു പറഞ്ഞു, ''വിഷമിക്കേണ്ട. പുനർജന്മമെടുത്തു കഴിഞ്ഞു! "
ഇവിടെ ആര് ആരെയാണ് വഴിതെറ്റിക്കുന്നതെന്നറിയുന്നില്ല!
ഇങ്ങനെയുള്ള സമ്പ്രദായങ്ങളുടെ പിന്നാലെ പോകുന്നതിനുപകരം, ഈ പ്രപഞ്ചത്തിന്റെ വളരെ ചെറുതും ക്ഷണികവുമായ ഒരംശമായി സ്വയം കണ്ടുകൊണ്ട്, ആ പ്രകൃതിയോടൊട്ടി ജീവിച്ച് സമാധാനം കണ്ടെത്തുന്നതല്ലേ നല്ലത്?