atl19ja

ആ​റ്റിങ്ങൽ: അഭിനയരംഗത്ത് അവാർഡുകളുടെ വിജയക്കുതിപ്പ് തുടരുകയാണ് തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ. ജില്ലാപഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഫിലിം ഫെസ്​റ്റിവലിൽ നല്ല നടനുള്ള പുരസ്‌കാരം നേടിയതോടെ ഈ അദ്ധ്യയന വർഷം ആദിത്യന് ആറ് അവാർഡുകളായി. എല്ലാം നല്ലനടനുള്ള അവാർഡുകൾ. സ്‌കൂൾ ഫിലിം ക്ലബ് നിർമ്മിച്ച 'സ്‌നേഹപൂർവ്വം മുത്തശ്ശി" എന്ന സിനിമയിൽ ഒരു അനാഥക്കുട്ടിയെ അവതരിപ്പിച്ചാണ് ആദിത്യൻ നേട്ടം കൈവരിച്ചത്.

ഏത് കഥാപാത്രമായാലും അഭിനയിച്ചു തുടങ്ങിയാൽ ആദിത്യൻ അതായി മാറുമെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ. യുവജനോത്സവത്തിൽ ജില്ലാതലംവരെ എത്തിയ ‘ചെറിയ ചെറിയ ചില വലിയ കാര്യങ്ങൾ’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു കൂടുതൽ അവാർഡുകൾ ലഭിച്ചത്. സബ് ജില്ലാ കലോത്സവത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ കാണികളിൽ ഒരാൾ സ്​റ്റേജിലേക്ക് വന്ന് 500 രൂപ സമ്മാനമായി നൽകിയ സംഭവം വിവരിക്കുമ്പോൾ ആദിത്യന് ഇപ്പോഴും ആവേശം. അഭിനയത്തിലൂടെ ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന ആദിത്യന്റെ കുടുംബം വാടകവീട്ടിലാണ് താമസം. ആശാരിപ്പണിക്കാരനായ അച്ഛൻ സന്തോഷ്‌കുമാറും വീട്ടമ്മയായ രാജലക്ഷ്മിയും അനുജൻ ആകാശും പിന്തുണയുമായി ഒപ്പമുണ്ട്. ജനാർദ്ദനൻ കരിവെള്ളൂർ സംവിധാനം ചെയ്ത സ്‌നേഹപൂർവ്വം മുത്തശ്ശി' എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. സന്തോഷ്‌ തോന്നയ്ക്കൽ, ബിന്ദു.വി.ആർ, ദിവ്യ, ജ്യോതിലാൽ, റസിയാബീവി, സനൂജ, അഭിമന്യു, മഹേഷ് തുടങ്ങി നിരവധി അദ്ധ്യാപകരും കുട്ടികളും ഈ സിനിമയുടെ ഭാഗമായി. നല്ല നടനുള്ള പുരസ്‌കാരം നേടിയ ആദിത്യനെ ആദരിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധിക‌‌ൃതർ.