v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്രധാന പാതയായ കടയ്ക്കാവൂർ - വർക്കല റോഡിലെ അഞ്ചുതെങ്ങ് മുതൽ നെടുങ്ങണ്ട പുതിയ പാലം വരെ തകർന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. മുപ്പതോളം ബസ് സർവീസുകളും നൂറുകണക്കിന് വാഹനങ്ങളും ഒാടുന്ന തീരദേശ റോഡിനാണ് ഈ അവസ്ഥ. ഒരുവശം കടലും മറുവശം കായലും തോടുമായതിനാൽ യാത്രക്കാർക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന റോഡാണിത്. പക്ഷേ പലസ്ഥലത്തും ടാറ് പാെട്ടിയിളകി കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ പ്രാണഭയത്തോടെയാണ് ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെയുള്ളവർ ഈ വഴി യാത്ര ചെയ്യുന്നത്. എന്നിട്ടും ഇൗ റോഡിന്റെ ദുരവസ്ഥയെകുറിച്ച് ശ്രദ്ധിക്കാൻ പൊതുമരാമത്ത് അധികൃതർ തയാറാകുന്നില്ലെന്നും ഇക്കാര്യം ശ്രദ്ധിയിൽപ്പെടുത്താൻ ഭരണകക്ഷിയോ പ്രതിപക്ഷമോ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കടയ്ക്കാവൂർ, കായിക്കര, നെടുങ്ങണ്ട, വിളബ്ഭാഗം വഴി വർക്കലയ്ക്കുളള ഈ റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കുണ്ടും കുഴിയും രൂപപ്പെട്ട് ദയനീയാവസ്ഥയിലാണ്. റോഡിന്റെ സൈഡിൽ ഒാടയില്ലാത്തതിനാൽ മഴക്കാലത്ത് വെളളം കെട്ടുന്നതും പതിവാണ്.

റോഡിൽ വെളളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ വൻകുഴികൾ രൂപപെട്ട് അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ ഒച്ചിഴയുന്ന വേഗത്തിലാണ് അഞ്ചുതെങ്ങ് മുതൽ നെടുങ്ങണ്ട പുതിയ പാലം വരെ വാഹനങ്ങൾ പോകുന്നത്. എന്നിട്ടും ഇടയ്ക്കിടെ ചെറിയ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഈ റോഡ് മികച്ച രീതിയിൽ പുനരുദ്ധരിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികാരികൾ പറയുന്നുണ്ടെങ്കിലും യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ പുനരുദ്ധാരണം അടിയന്തരമായി ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടവരുമെന്നും ഇതുവഴിയുളള ഗതാഗതം നിലയ്ക്കുകയും ചെയ്യുമെന്ന് യാത്രക്കാർ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് പുനരുദ്ധരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.