സംഘർഷഭരിതമായ നിരവധി സംഭവ പരമ്പരകൾക്കൊടുവിൽ ശബരിമലക്ഷേത്രം മണ്ഡല - മകരവിളക്ക് തീർത്ഥാടനം പൂർത്തിയായി ഇന്ന് അടയ്ക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇക്കുറി ശബരിമലയും പരിസരങ്ങളും സംഘർഷഭൂവായി മാറുന്നത്. ഏത് പ്രായത്തിൽപ്പെട്ട സ്ത്രീകൾക്കും സന്നിധാനത്തെത്തി ദർശനമാകാമെന്ന സുപ്രീംകോടതി വിധി ഇക്കഴിഞ്ഞ സെപ്തംബർ 28ന് പുറത്തുവന്നത് മുതൽ അതേച്ചൊല്ലി സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയായിരുന്നു. ഇനിയും അതിന്റെ കനലുകൾ കെട്ടടങ്ങിയിട്ടില്ല. അതിസാഹസികമായി ഇതിനിടെ ഏതാനും യുവതികൾ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തി ദർശനം നടത്തുകയുണ്ടായി. അതിന് അവർ നേരിടേണ്ടിവന്ന എതിർപ്പുകൾ പറഞ്ഞറിയിക്കാൻ വയ്യ. പൊലീസ് സുരക്ഷയോടെയാണ് ഇപ്പോഴും കഴിയുന്നത്. പുറത്തിറങ്ങി നിർഭയം സഞ്ചരിക്കാൻപോലുമാകാത്ത വിധം അവർ ഒറ്റപ്പെട്ട നിലയിൽ കഴിയേണ്ടിവരുന്നു. ആചാരസംരക്ഷണ സമിതിക്കാർ സദാ അവരുടെ പിന്നാലെത്തന്നെയുള്ളതിനാൽ സ്വാതന്ത്ര്യംതന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണവർ.
മകരവിളക്കു തീർത്ഥാടനം സമാപിച്ച് നട അടയ്ക്കുന്നതോടെ തത്കാലം ബഹളവും വിവാദങ്ങളും അടങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം സമർപ്പിച്ച പുതിയൊരു സത്യവാങ്മൂലം പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. യുവതീ പ്രവേശന വിധിക്കുശേഷം 51 യുവതികൾ ശബരിമലയിലെത്തി ദർശനം നടത്തിയിട്ടുണ്ടെന്നാണ് ഇൗ സത്യവാങ്മൂലത്തിൽ സർക്കാർ അവകാശപ്പെട്ടത്. ഇൗ 51 പേരുടെ പേരും വയസും വിലാസവുമൊക്കെ ഉൾപ്പെട്ടതാണ് പട്ടിക. ആവശ്യപ്പെട്ടതനുസരിച്ചാണോ ഇൗ പട്ടികയുമായി സർക്കാർ കോടതിയിലെത്തിയതെന്ന് നിശ്ചയമില്ല. അത്തരത്തിലൊരു സൂചന ആരുടെ ഭാഗത്തുനിന്നും വന്നിട്ടുമില്ല. പൊലീസിന്റെ ഒത്താശയോടും സംരക്ഷണയിലും നേരത്തെ സൂത്രത്തിൽ ശബരിമല ദർശനം നടത്തിയ രണ്ട് യുവതികൾ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരമോന്നത കോടതി പരിഗണിക്കവെയാണ് സർക്കാർ നെടുങ്കൻ പട്ടികയുമായി എത്തിയത്. വിധി പാലിക്കപ്പെട്ടുവെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകാം ഇത്. അതേസമയം കോടതിയിൽ ഹാജരാക്കപ്പെടുന്നരേഖയിലെ വിവരങ്ങളുടെ കൃത്യതയും വാസ്തവികതയും സംബന്ധിച്ച് വ്യക്തമായ ഉറപ്പുവരുത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുരുതരമായ പിഴവു വരുത്തിയെന്നാണ് മനസിലാക്കേണ്ടത്. പട്ടികയിൽ പറയുന്ന 'യുവതി"കളിൽ ചിലർ അൻപതുകഴിഞ്ഞവരാണെന്നും രണ്ടുപേർ പുരുഷന്മാരാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനം വഴി ദർശനം നടത്തിയവരുടെ പട്ടികയാണിതെന്നും തങ്ങൾക്ക് ഇതേപ്പറ്റി ഒന്നും അറിഞ്ഞുകൂടെന്നുമാണ് ദേവസ്വം അധികൃതർ പറയുന്നത്. വെർച്വൽ ക്യൂ സംവിധാനത്തിന്റെ ചുമതലയുള്ള പൊലീസിന്റെ ഭാഗത്താണ് വീഴ്ച പറ്റിയിട്ടുള്ളതത്രെ. പൊലീസാകട്ടെ പഴി വെർച്വൽ ക്യൂ സംവിധാനത്തിനുള്ള സോഫ്ട്വെയർ നിർമ്മിച്ചുനൽകിയ ടെക്നോപാർക്കിലെ കമ്പനിയെയാണ് കുറ്റപ്പെടുത്തുന്നത്. രജിസ്ട്രേഷൻ സമയത്ത് അപേക്ഷകർ നൽകിയ രേഖകൾ പ്രകാരമുള്ള വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ് കൈകഴുകാനും പൊലീസിന്റെ തലപ്പത്തുള്ളവർ ശ്രമിക്കുന്നു. എന്തായാലും ശബരിമല വിഷയത്തിൽ സർക്കാരിനെ ഒരിക്കൽക്കൂടി നാണംകെടുത്തിയ പ്രവൃത്തിയായിപ്പോയി ഇതെന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ ആപാദചൂഡം ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരുവിവാദപ്രശ്നവുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ സമർപ്പിക്കുന്ന ഏത് രേഖയും നൂറുശതമാനവും കുറ്റമറ്റതായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിന്റെ ആധികാരികതയും കൃത്യതയും പലവട്ടം പരിശോധിച്ച് ഉറപ്പാക്കുകയും വേണം. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കുന്നവർ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് നിജസ്ഥിതി ഉറപ്പാക്കാൻ ഇന്നത്തെ കാലത്ത് പ്രയാസമൊന്നുമില്ല. അതിനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാൽ മതി. ഇക്കാര്യത്തിൽ അലംഭാവമോ അനവധാനതയോ ഉണ്ടായി എന്നാണ് പട്ടികയിൽ കടന്നുകൂടിയ പിഴവുകൾ ശ്രദ്ധിച്ചാൽ മനസിലാവുക. അറുപതുകാരി നാല്പത്തഞ്ചുകാരിയായതും അൻപത്തിരണ്ടുകാരി നാല്പത്തിമൂന്നുകാരിയായതും അങ്ങനെയാണ്. അതുപോലെ പേരിലെ സ്ത്രീനാമ സൂചനയാൽ പുരുഷന്മാരെ സ്ത്രീഗണത്തിൽപ്പെടുത്തിയ വങ്കത്തവും കൂട്ടത്തിലുണ്ടായി. ഇൗ ഘട്ടത്തിൽ കോടതി ആവശ്യപ്പെടാതെ പട്ടികയുമായി ചെല്ലേണ്ട കാര്യവും ഉണ്ടായിരുന്നില്ല. പട്ടിക കോടതി സ്വീകരിച്ചതുമില്ല. ഉചിതസമയത്ത് അത് പരിശോധിച്ചുകൊള്ളാമെന്നായിരുന്നു കോടതിയുടെ നിലപാട്. ശബരിമല വിഷയത്തിൽ സർക്കാരിനെ അടിക്കാൻ എതിർചേരിയിലുള്ളവർക്ക് നല്ലൊരു വടികൂടിയായി ഇൗ പട്ടിക. പ്രായഭേദമെന്യേ സ്ത്രീ പ്രവേശനമാകാം എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ള പുന:പരിശോധന ഹർജികൾ കോടതിയുടെ മുമ്പിലുണ്ട്. ജനുവരി 22ന് അത് പരിഗണിക്കുമെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാൽ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധിയിലായതിനാൽ പരിഗണന നീണ്ടുപോകും. അതുവരെ ക്ഷമാപൂർവം എല്ലാവരും കാത്തിരിക്കുകയേ വഴിയുള്ളൂ. ഇന്ന് നട അടയ്ക്കുന്നതോടെ എല്ലാവരും മലയിറങ്ങുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ മുൾമുനയിൽ നിറുത്തിക്കൊണ്ടിരുന്ന സംഘർഷസ്ഥിതിക്ക് അയവുണ്ടാകുമെന്ന് കരുതാം. കുംഭം ഒന്നിന് മാസപൂജയ്ക്കായി വീണ്ടും നട തുറക്കുമ്പോൾ സ്ഥിതി എന്താകുമെന്ന് നിശ്ചയമില്ല.