തിരുവനന്തപുരം: അന്തരാഷ്ട്ര വിപണിയിൽ 12 കോടിയിലധികം രൂപ വിലവരുന്ന 11 കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ താമസമാക്കിയ ഇടുക്കി സ്വദേശി സാബു സേവ്യർ, മധുര രാമനാഥപുരം സ്വദേശി സാദിഖ് എന്നിവരാണ് ഇന്നലെ രാവിലെ എക്സൈസ് സംഘത്തിന്റെ വലയിലായത്. കൃപ തീയേറ്ററിനടുത്തു നിന്ന് അറസ്റ്റിലായ ഇവരിൽ നിന്ന് മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു.
ആന്ധ്രയിൽ നിന്ന് ചെന്നൈ വഴി ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിച്ച ഹാഷിഷ് ഓയിൽ മാലിയിലേക്കു കടത്താനാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ കുടുങ്ങിയത്. പ്ളാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് രണ്ടു ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരം എക്സൈസ് സി.ഐ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
ലഹരിമരുന്നു കടത്തിന് ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മാലി സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ ഹാഷിഷ് ഓയിൽ ഇവിടെ എത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആന്ധ്രാപ്രദേശിലാണ് ഹാഹിഷ് ഓയിലിന്റെ നിർമ്മാണം. അവിടെനിന്ന് ഏജന്റ് വശം ചെന്നെയിൽ എത്തിച്ച് ഇവർക്കു കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ മറ്റൊരു ഏജന്റിന് ചരക്കു കൈമാറാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .
ഹാഷിഷ് ഓയിൽ
കഞ്ചാവ് ചെടി ഉണങ്ങുന്നതിന് മുൻപ് വാറ്റിയെടുക്കുന്നതാണ് ഹാഷിഷ് ഓയിൽ.
പെൺ കഞ്ചാവു ചെടിയുടെ പൂക്കളിലെയും നാമ്പുകളിലെയും കറയാണ് ഹാഷിഷ് ഓയിൽ നിർമ്മാണത്തിന് കൂടുതൽ ഉപയോഗിക്കുന്നത്
ഹാഷിഷ് ഓയിലിന്റെ രൂപം മാറ്റിയാണ് ഇവിടെ നിന്ന് മാലിയിലേക്കു കടത്തുന്നത്.
കാർഗോ വിമാനത്തിലോ കടൽ മാർഗമോ ആണ് കടത്തൽ
ഡാൽഡയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം പാക്കറ്റിലാക്കി കടത്താറുണ്ട്