തിരുവനന്തപുരം: സാധാരണക്കാരന് വീടുനിർമ്മാണത്തിനുള്ള അനുമതി 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്ന നഗരസഭയുടെ ഏകദിന പെർമിറ്റ് സംവിധാനം താളംതെറ്റി. കെട്ടിട നിർമ്മാണ പെർമ്മിറ്റ് നൽകുന്നതിനായി പുതുതായി നടപ്പാക്കിയ ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) സോഫ്‌ട്‌വെയറിന്റെ അപാകതയാണ് പെർമിറ്റ് സംവിധാനത്തെ അട്ടിമറിച്ചത്. പെർമിറ്റ് വിതരണം പൂർണമായും ഓൺലൈനാക്കി അഴിമതിക്ക് അറുതിവരുത്തുകയെന്ന നഗരസഭാ അധികൃതരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സോഫ്‌ട്‌വെയർ നടപ്പാക്കിയത്. എന്നാൽ പ്രായോഗികമല്ലാത്ത സോഫ്‌ട്‌വെയർ നടപ്പാക്കിയതിലൂടെ ജനറൽ പെർമിറ്റ് വിതരണം ഇതുവരെയും സുഗമമായി നൽകാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഏകദിന പെർമിറ്റ് കൂടി ഓൺലൈനാക്കിയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഏകദിന പെർമിറ്റ് ഓൺലൈന്റെ ഭാഗമാക്കിയത്. പിന്നാലെ അപേക്ഷയുമായി എത്തിയവരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു തുടങ്ങി.
ബുധനാഴ്ച പ്രധാന ഓഫീസിൽ മാത്രം 28 അപേക്ഷകളാണ് മടക്കിയത്. ഫോർട്ടിൽ 12 ഉം ശ്രീകാര്യത്ത് എട്ടും അപേക്ഷകൾ സ്വകരിച്ചില്ല. മറ്റ് സോണൽ ഓഫീസുകളിലും സ്ഥിതി ഇതുതന്നെ. ഇപ്പോൾ ഏകദിന പെർമിറ്റിന്
അപേക്ഷിക്കുന്നവരോട് പുതിയ സോഫ്‌ട്‌വെയറിൽ ഇതിനുള്ള സംവിധാനം ഉണ്ടെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പുതിയ സോഫ്‌ട്‌വെയറിൽ ഏകദിനപെർമിറ്റായി പ്രത്യേക സംവിധാനമില്ലെന്നും ജനറൽ പെർമിറ്റിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂവെന്നും ബിൾഡിംഗ് ഡിസൈനേഴ്സ് പറയുന്നു.
പാവങ്ങൾക്കും രക്ഷയില്ല
പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ്, ഇ.എം.എസ് ഭവനപദ്ധതി, അംബേദ്കർ, ചേരിമുക്തം തുടങ്ങിയ വിവിധ പദ്ധതികളുടെ ഭാഗമായി 60 മീറ്റർ സ്ക്വയറിൽ താഴെ വീടു നിർമ്മിക്കുന്നവർ പോലും ഓൺലൈനിലൂടെ അപേക്ഷിക്കേണ്ട സ്ഥിതിയാണ്. ക്ഷേമ പദ്ധതികളിലൂടെ വീട് നിർമ്മിക്കുന്നവർക്കും ജനറൽ വിഭാഗത്തിൽ 300 മീറ്റർ സ്ക്വയറിൽ വീടു നിർമ്മിക്കുന്നവർക്കും ഏകദിനപെർമിറ്റ് നൽകുന്നതിന് ഓൺലൈനിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന കെട്ടിട നിർമ്മാണചട്ടത്തിന് വിരുദ്ധമായാണ് നഗരസഭാ അധികൃതരുടെ പുതിയ പരിഷ്കരണം.
ജനറൽ പെർമിറ്റും ഇഴയുന്നു
നവംബർ ഒന്നു മുതൽ ജനറൽ പെർമിറ്റുകൾക്കുള്ള അപേക്ഷകളാണ് ഐ.ബി.പി.എം.എസിലൂടെ സ്വീകരിച്ചു തുടങ്ങിയത്. സർക്കാർ സോഫ്‌ട്‌വെയറായ സങ്കേതമായിരുന്നു ഇതിനായി നേരത്തേ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ സോഫ്‌ട്‌വെയറിലൂടെ അനുമതി ലഭിക്കാൻ വൈകുന്നുവെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നു കഴിഞ്ഞു. വിവരങ്ങൾ ക്രോഡീകരിക്കുന്നതിൽ പിഴവുള്ളതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ബിൽഡിംഗ് ഡിസൈനേഴ്സ് പറയുന്നു. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെ ഏകദിന പെർമിറ്റ് സംവിധാനം കൂടി അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ വലയ്ക്കുമെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.