കഴക്കൂട്ടം: മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണ വിഹിതമടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതോപ്പ് ഫിഷറീസ് ഓഫീസും മത്സ്യത്തൊഴിലാളി ഓഫീസും ഉപരോധിച്ചു. 25 എച്ച്.പി എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 175 ലിറ്റർ മണ്ണെണ്ണയും, 9 എച്ച്.പിക്ക് 129 ലിറ്ററും നൽകിയിരുന്നത് ഇപ്പോൾ യഥാക്രമം 37, 18 ലിറ്ററായി വെട്ടിക്കുറച്ചെന്നും അത് പുനഃസ്ഥാപിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത എം.എ. ലത്തീഫ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കുള്ള മെമ്പർഷിപ്പ് തടഞ്ഞുവയ്ക്കുന്നത് നിറുത്തലാക്കണമെന്നും, വിദ്യാർത്ഥികൾക്കുള്ള ലംസം ഗ്രാന്റ്, മണ്ണെണ്ണ സബ്സിഡി തുടങ്ങിയവ പുനഃസ്ഥാപിക്കണമെന്നും ഉപരോധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ജഫേഴ്സൺ, ജോസ് നിക്കോളാസ്, ജോൺസൺ, ലില്ലി തോമസ്, ഗോപി, മധു, സഞ്ചു, സിയാം എന്നിവർ സംസാരിച്ചു.