parassala

പാറശാല: ചരിത്രസ്മാരകമാക്കേണ്ട ഒരു പാലം ഇന്ന് ആരും സംരക്ഷിക്കാനില്ലാതെ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജപാതയെന്നറിയപ്പെടുന്ന തിരുവനന്തപുരം- കന്യാകുമാരി റോഡിൽ നെയ്യാറിന് കുറുകെ സ്ഥാപിച്ചിട്ടുള്ള പഴയപാലമാണ് ഇന്ന് നാശിക്കുന്നത്. പാലത്തിന് ബലക്ഷംയം ഉണ്ടെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ 15 വർഷങ്ങൾക്ക് മുൻപ് നാഷണൽ 15 കോടിയോളം രൂപ ചെലവാക്കി പാലത്തിന് സമീപത്തായി പുതിയ പാലം നിർമ്മിച്ചത്. എന്നാൽ പഴയപാലത്തിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തലിന് ആവശ്യമായ ശ്രദ്ധ അധികൃതരിൽ നിന്നും ലഭിക്കാത്തതിനാൽ പഴയപാലം വഴിയുള്ള ഗതാഗതം ഇതുവരെ നിരോധിച്ചിട്ടില്ല. മാലിന്യം നിറഞ്ഞ് ദുർഗ്ഗന്ധം പരത്തി പരിസര മലിനീകരണം വ്യാപിക്കുന്ന പാലത്തിന്റെ സമീപത്തെ പ്രദേശങ്ങൾ കുറ്റിച്ചെടികളും മറ്റും വെട്ടി മാറ്റാതെ കാട് കേറിയ രൂപത്തിലാണ്. പാലത്തിന്റെ ഇരുവശത്തായുള്ള കൈവരികളിലും പാഴ്ചെടികൾ പടർന്ന് പന്തലിച്ച നിലയിലായത് കൂടുതൽ നിലനിൽപ്പിനും ബലക്ഷയത്തിനും കാരണമാകുന്നതാണ്.

 ഇവിടം മാലിന്യം നിക്ഷേപ കേന്ദ്രം

പലത്തിന്റെ പലഭാഗങ്ങളും കാടുമൂടിയതിനാൽ പാലത്തിൽ ചവർ നിക്ഷേപിക്കുന്നവർക്ക് വളരെ സൗകര്യമാണ്. പാലത്തിന്റെ മുകളിൽ നിന്നും നെയ്യാറിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരും കുറവല്ല. മദ്യപാനികളുടെയും മറ്റ് സാമൂഹിയവിരുദ്ധരുടെയും താവലം കൂടിയാണ് ഇവിടം. നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയിൽ വരുന്ന ഈ പ്രദേശം ഇപ്പോൾ പകലും രാത്രിയും ഒരുപോലെ സാമുഹ്യവിരുദ്ധരടെ പിടിയിലാണെന്നും ആക്ഷേപമുണ്ട്. മദ്യംവും മയക്കുമരുന്നും തുടങ്ങി ലഹരിവസ്തുക്കളുടെ വിപണനവും ഇവിടെ സുലഭമാണ്.

തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. തികച്ചും മനുഷ്യപ്രയത്നം കൊണ്ട് മാത്രം നിർമ്മിച്ച് സംരക്ഷിച്ച് പോരുന്ന അമരവിള പാലം എന്നറിയപ്പെടുന്ന പഴയപാലമാണ് ആരും തിരിഞ്ഞുനോക്കാതെ തരംതാഴ്ത്തപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ഈ പാലത്തിലുടെയായിരുന്നു നാട്ടുകാരുടെ യാത്ര. എന്നാൽ ഇന്ന് ചരിത്രശേഷിപ്പുകളായ ഇത്തരം നിർമ്മിതികൾ ആരും വേണ്ടത്ര ശ്രദ്ധലഭിക്കാതെ നശിക്കുന്നതും നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.