d

ബാലരാമപുരം: മംഗലത്തുകോണം-ചാവടിനട റോഡിൽ പള്ളിക്കടുത്ത് ബൈക്ക് മതിലിലും പോസ്റ്റിലുമിടിച്ചു മരിച്ച നെല്ലിവിള പുത്തൻവീട്ടിൽ മുരുകൻ- രാഖി ദമ്പതികളുടെ മകൻ അശ്വിൻ (19)​,​ മംഗലത്തുകോണം കീഴേതോട്ടം വിളയിൽ തട്ടുവീട്ടിൽ സുദർശനൻ -ജയ ദമ്പതികളുടെ മകൻ സുജിൻ (21)​ എന്നിവർക്ക് നാടിന്റെ അശ്രുപൂജ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. രണ്ടിടത്തും വൻജനാവലിയാണ് തടിച്ചുകൂടിയത്. ഇരുവരുടെയും കുടുംബസ്ഥലം മംഗലത്തുകോണമാണെങ്കിലും ചിക്കു എന്ന അശ്വിൻ നെല്ലിവിളയിലാണ് താമസിക്കുന്നത്. സഹപാഠികളുടെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാൻ മരുതൂർക്കോണം പി.റ്റി.എം എഡ്യൂക്കേഷനിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്റ്റാഫുകളും വീട്ടിലെത്തിയിരുന്നു. ഏകമകൻ സുജിന്റെ വേർപാട് സുദർശനൻ -ജയ ദമ്പതികൾക്ക് താങ്ങാനാവുമായിരുന്നില്ല. പ്ലസ് ടു പഠനം നിറുത്തി കുറച്ചുകാലം വർക്ക് ഷോപ്പ് മെക്കാനിക്ക് ജോലി ചെയ്താണ് വീടിന്റെ പണികൾ തീർത്തത്. ബി.കോം പാസായി നല്ലൊരു ജോലി നേടണമെന്ന ആഗ്രഹത്താലാണ് പി.റ്റി.എം സ്കൂൾ ഒഫ് എഡ്യൂക്കേഷനിൽ വീണ്ടും ചേർന്നത്. നിനച്ചിരിക്കാതെയുള്ള വേർപാട് സുജിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. മിമിക്രിക്കാരനായ അശ്വിൻ സ്കൂളിൽ അദ്ധ്യാപകരുൾപ്പെയുള്ളയുള്ളവർക്ക് പ്രിയങ്കരനായിരുന്നു . കഴിഞ്ഞ ദിവസം ശ്രീരാജ് എന്ന ഹിസ്റ്ററി അദ്ധ്യാപകന്റെ ഭാവം വിദ്യാർത്ഥികൾക്ക് മുന്നിൽ അനുകരിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് നടന്ന ക്ലാസ് പരീക്ഷയുടെ ഹിസ്റ്ററി പേപ്പർ മൂല്യനിർണയത്തിന് ശ്രീരാജിന്റെ കൈയിൽ കിട്ടിയിരുന്നു. മരണത്തിന് പിന്നാലെ , അശ്വിന്റെ ഹിസ്റ്രർ പേപ്പർ മൂല്യനിർണയത്തിനായി മനസിൽ വിങ്ങലോടെയാണ് ശ്രീരാജ് എടുത്തുനോക്കിയത്. സുജിന്റെ മൃതദേഹം എത്തി അരമണിക്കൂർ കഴിഞ്ഞതും അശ്വിന്റെ മൃതദേഹവും നെല്ലിവിളയിലെ വസതിയിലെത്തി. നൂറ് കണക്കിന് ജനങ്ങളാണ് അശ്വിനെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത്. മൃതദേഹം വീട്ടിനകത്തേക്ക് എത്തിച്ചതും മാതാവ് രാഖി അലമുറയിട്ടു. അശ്വിന്റെ വലിയച്ഛനും ബന്ധുക്കളും കരച്ചിൽ ആരംഭിച്ചതോടെ വീട് ദുഃഖക്കടലായി മാറി. ഒരു മണിക്കൂറോളം മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ പി.റ്റി.എം സ്കൂൾ മാനേജർ അഭിലാഷ്,​ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല,​ വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്,​ മുൻ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്തുകോണം രാജു,​ ഉച്ചക്കട സുരേഷ്,​ മറ്റ് അദ്ധ്യാപകർ,​ വിദ്യാർത്ഥികൾ,​ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ,​ മംഗലത്തുകോണം എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികൾ,​ പ്രതിനിധികൾ എന്നിവർ വീട്ടിലെത്തി അനുശോചിച്ചു. സുജിന്റെ മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8നും അശ്വിന്റേത് രാവിലെ 9 മണിക്കും നടക്കും.