നെടുമങ്ങാട്: ഒരു വർഷം നീണ്ടുനിന്ന പൂവത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനം ഇന്ന് (ഞായർ) നടക്കും. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ അനുവദിച്ച നടന വേദി ഓപ്പൺ എയർ ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്‌ഘാടനവും സി. ദിവാകരൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയുടേയും ഡൈനിങ്ങ് ഹാളിന്റെയും ശിലാസ്ഥാപനവും ഇതോടനുബന്ധിച്ച് നടക്കും. പൊതുജന പങ്കാളിത്തത്തോടെ പി.ടി.എ പൂർത്തീകരിച്ച ഹൈ ടെക് വിഷ്വൽ റൂം പൂവത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണെന്നു സ്വാഗത സംഘം ചെയർമാൻ എസ്.എസ്. ബിജുവും ജനറൽ കൺവീനറും വാർഡ് കൗസിലറുമായ എം.എസ്. ബിനുവും പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിമയുടെ അനാച്ഛാദനവും ക്ലാസ് മുറികൾക്കുള്ള സൗണ്ട് സിസ്റ്റത്തിന്റെ ഉദ്‌ഘാടനവും സമാപന സമ്മേളനത്തിൽ നടക്കും. രാവിലെ 9 നു പൂവത്തൂർ എച്ച്.എസ്.എസ്സിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. 10 നു നടക്കുന്ന സപ്തതി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സി .ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡോ.എ.സമ്പത്ത് എം.പി, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ, നഗരസഭാ വൈസ് ചെയർ പേഴ്സൺ ലേഖാ വിക്രമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗത സംഘം ചെയർമാൻ എസ്.എസ്. ബിജു സ്വാഗതവും ജനറൽ കൺവീനറും വാർഡ് കൗസിലറുമായ എം.എസ്. ബിനു റിപ്പോർട്ടും പി.ടി.എ പ്രസിഡന്റ് ആർ.ആർ. രാഹുൽ നന്ദിയും പറയും. 11 മുതൽ അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ. 12 ന് മാസ്റ്റർ നവനീതും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, തുടർന്ന് ശ്രീലക്ഷ്മി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, പൂവത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. ഹെഡ്മിസ്ട്രസ് ബി. സുധാകുമാരി ,പി.ടി.എ വൈസ് പ്രസിഡന്റ് ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.