wast

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ മേഖലയിൽ മാലിന്യം കുന്നുകൂടുകയാണ്. ഇറച്ചി വില്പനകേന്ദ്രങ്ങളിൽനിന്നും വീടുകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ ഇൗ മേഖലയിൽ കൊണ്ടിടുകയാണ്. ഇറച്ചി വേസ്റ്റുകൾ അഴുകി ദുർഗന്ധം പരക്കുന്നതുമൂലം ചാരുപാറ റോഡിൽ കൂടെ നടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. ജനം മൂക്കും പൊത്തി ഒാടുകയാണ്. ഇവിടെ മാലിന്യം നിക്ഷേപം തുടങ്ങിയിട്ട് വർഷങ്ങളേറയായി. മാലിന്യത്തിന് പുറമേ പട്ടികുട്ടികളേയും പൂച്ചകളെയും ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിക്കാറുണ്ട്. റോഡരികിലുള്ള റബർതോട്ടവും ഇപ്പോൾ മാലിന്യ കൂനകൾ നിറയുകയാണ്. ഇറച്ചി വേസ്റ്റുകൾ കൊണ്ടിടുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചാരുപാറ നിവാസികൾ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്.

ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മുപ്പതോളം തെരുവുനായകളെ കൊണ്ടിറക്കിവിട്ടതായി ചാരുപാറ നിവാസികൾ അറിയിച്ചു. ഇൗ നായകൾ വീടുകളിൽ കയറി കോഴികളെ പിടികൂടി തിന്നുന്നതും ആടുകളെ കടിച്ച് പരുക്കേല്പിക്കുന്നതും പതിവാണ്. നായകളുടെ ശല്യ മൂലം രാത്രികാലങ്ങളിൽ ചാരുപാറ റോഡിൽ യാത്ര ദുഷ്കരമാണ്. ഇതിനകം അനവധി പേർക്ക് തെരുവ് നായകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. സ്കൂൾ പരിസരത്തും നായകൾ തമ്പടിച്ചിട്ടുണ്ട്. പാതയോരത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത് നായകൾക്കിപ്പോൾ അനുഗ്രഹമാണ്.

ഇവിടെ പ്രവർത്തിക്കുന്ന ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപമാണ് മാലിന്യനിക്ഷേപം നടത്തുന്നത്. വിദ്യാർത്തികൾ മൂക്ക് പൊത്തി സ്കൂളിലേക്ക് എത്തേണ്ട അവസ്ഥ. മാത്രമല്ല മാലിന്യങ്ങൾ കാക്കകളും മറ്റും കൊത്തിവലിച്ച് കിണറുകളിലും സ്കൂൾ പരിസരത്തും കൊണ്ടുവന്നിടുന്നുണ്ട്. വിതുര ഗവ ഹൈസ്കൂൾ, യു.പി.എസ്, ചായംഒാൾസെയിന്റ്സ് കൂൾ, ആനപ്പെട്ടിലെനതൊളിക്കോട് എ.ആർ.ആർ. സ്കൂൾ, ചായം യു.പി.എസ്, ചെറ്റച്ചൽ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങിലേക്കായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്ന റോഡുകൂടിയാണിത്.