vm-sudheeran
VM SUDHEERAN

തിരുവനന്തപുരം: കരിണൽ ഖനനം ഭീഷണിയാകുന്ന ആലപ്പാട് തീരദേശത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ നടത്തുന്ന സമരത്തോടുള്ള സർക്കാർ സമീപനം നിഷേധാത്മകവും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാത്തതുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്. ഖനനം ഉടൻ നിറുത്തിവയ്ക്കണമെന്ന ആവശ്യവുമായി മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ.ബാലൻ എന്നിവർക്കും സുധീരൻ കത്തയച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നേരിട്ടു കാണാനും വസ്തുതകൾ മനസ്സിലാക്കാനും കഴിഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക് അനുകൂലമായ നിലപാടിലെത്തുമായിരുന്നു. മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇനിയെങ്കിലും ആലപ്പാട് സന്ദർശിക്കണമെന്നും കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.

സത്യസന്ധമായ പ്രവർത്തന പശ്ചാത്തലമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാൽ കരിമണൽ കള്ളക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരും. മുമ്പ് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയിൽ കരിമണൽ ഖനനനീക്കത്തിനെതിരെ സമരം ശക്തമായപ്പോൾ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മിറ്റിയുടെ ഗതി ആലപ്പാട്ട് ഇപ്പോൾ പ്രഖ്യാപിച്ച കമ്മിറ്റിക്കു സംഭവിക്കരുത്. ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച റിപ്പോർട്ട് വന്നശേഷം സമര സമിതിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്നും സുധീരൻ പറഞ്ഞു.