തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകൾ, ബിസിനസ് സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം പൊലീസ് ആരംഭിച്ചു. കെൽട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
സുരക്ഷാ ശൃംഖലയൊരുക്കാൻ പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചു. ഇവിടെനിന്ന് എല്ലാ കൺട്രോൾ റൂമുകളുമായും പൊലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാനാവും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മോഷണശ്രമം പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ മൂന്ന് സെക്കൻഡിനുളളിൽ വീഡിയോദൃശ്യം തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ ലഭിക്കും. സ്ഥാപനത്തിന്റെ ലോക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. തുടർന്ന് കൺട്രോൾ റൂമിലെ പരിശോധനയ്ക്കുശേഷം അതത് പൊലീസ് സ്റ്റേഷനിലേക്കും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പരിലേക്കും വിവരം അറിയിക്കും. ഇതുപ്രകാരം പൊലീസ് ഉടനടി സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി നിശ്ചിത തുക ഫീസ് നൽകണം.