1

വിഴിഞ്ഞം : മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ശ്രീകാന്തന്റെ വെങ്ങാനൂർ ചാവടിനട പരുത്തി വിളയിലെ വീട് അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് ആറ് പാസ്‌പോർട്ടുകൾ, നിരവധി അധാർ കാർഡുകൾ, തമിഴിലും മലയാളത്തിലുമുള്ള അധാരങ്ങളുടെ പകർപ്പ്, ബാങ്ക് പാസ് ബുക്കുകൾ,​ ചെക്ക് ബുക്കുകൾ, തിരിച്ചറിയൽ കാർഡുകൾ, സമുദായ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷകൾ, 500 ന്റെ 40 നോട്ടുകൾ,​ വൻ നാണയ ശേഖരം എന്നിവ കണ്ടെത്തി. വീടിന്റെ രണ്ടു മുറികളിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത കല്യാണ ആൽബത്തിൽ നിന്ന് സംശയമുള്ളവരെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ 6.30നാണ് കുന്നത്തുനാട് എസ് ഐ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. 16ന് വീടിന്റെ പൂട്ട് പൊട്ടിച്ച് അകത്തു കടന്ന അന്വേഷണ സംഘത്തിന് അലമാരകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുകാരണം ഇന്നലെ എറണാകുളത്തു നിന്ന് ആശാരിയെയും കൊണ്ടാണ് അന്വേഷണ സംഘം എത്തിയത്. ഇവിടന്ന് കണ്ടെടുത്ത വിസിറ്റിംഗ് കാർഡുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്തന്റെ ജില്ലയിലെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും ചെറിയ ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.