x

തിരുവനന്തപുരം : 'വിജയ് സൂപ്പറും പൗർണ്ണമിയും" സിനിമയുടെ വിശേഷങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവച്ച് നായകൻ ആസിഫ് അലി, നായിക എെശ്യര്യ ലക്ഷ്മി, സംവിധായകൻ ജിസ് ജോയി, നിർമ്മാതാവ് സൂര്യ സുനിൽ എന്നിവർ ഇന്നലെ പ്രസ്ക്ലബിലെത്തി. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന സഭ്യമായ സിനിമയാണിതെന്ന് സംവിധായകൻ ജിസ് ജോയി പറഞ്ഞു. കുറഞ്ഞ പ്രതീക്ഷയിൽ വന്ന സിനിമയ്‌ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ പബ്ലിസ്റ്റി. 95 ശതമാനത്തോളം അനുയോജ്യമായ തിയേറ്ററുകൾ ലഭിച്ചെന്നും നല്ല ആശയങ്ങളുള്ള സിനിമയിൽ വിശ്വാസമുണ്ടെന്നും അതാണ് വിജയമെന്നും ജിസ് ജോയ് കൂട്ടിചേർത്തു.

സൺഡേ ഹോളിഡേക്ക് ശേഷം ആസിഫും ജിസ് ജോയിയും ഒന്നിക്കുന്ന സിനിമകൂടിയാണിത്.

കുടുംബങ്ങൾ ഏറ്റെടുത്തെന്നും സിനിമയെ അർഹിക്കുന്ന വിജയത്തിലെത്തിക്കണമെന്നും ആസിഫ് അലി പറ‌ഞ്ഞു. റിസ്ക് ഫാക്ടറില്ലാത്ത സിനിമ എന്ന രീതിയിലാണ് 'വിജയ് സൂപ്പറും പൗർണ്ണമിയും" തിരഞ്ഞെടുത്തത്. അഭിനയജീവിതത്തിൽ സേഫ് സോണിലായെന്ന് കരുതുന്നില്ലെന്നും സിനിമാരംഗത്തെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ തയ്യാറാണെന്നും ആസിഫ് പറഞ്ഞു. തന്റെ നാലാമത്തെ സിനിമയും വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു നടി എെശ്വര്യ ലക്ഷ്മി. വിജയ് സൂപ്പറും പൗർണ്ണമിയും കളർഫുൾ സിനിമയാണെന്നും ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ സംവിധായകനാണെന്നും സെലക്ടീവ് ആകില്ലെന്നും സിനിമകളിൽ പരീക്ഷണം നടത്തുമെന്നും എെശ്വര്യ പറഞ്ഞു.

പത്ത് വർഷമായി സിനിമാ വിതരണ മേഖലയിലുള്ള സുനിൽ സൂര്യ ആദ്യമായി നിർമ്മിച്ചതാണ് 'വിജയ് സൂപ്പറും പൗർണ്ണമിയും". പ്രദർശനത്തിനെത്തി ഒരാഴ്ച കഴിയുമ്പോഴേക്കും മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെ മികച്ച സ്വീകാര്യത ചിത്രത്തിന് ലഭിക്കുന്നുണ്ട്. വിജയ് എന്ന നായകവേഷത്തിലെത്തുന്ന ആസിഫ് അലിയും പൗർണ്ണമിയായെത്തുന്ന എെശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.