കുളത്തൂർ: നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. മലയിൻകീഴ് പാലത്തുവിള സ്വദേശി ബൈജുവിനെയാണ് (33) രക്ഷപ്പെടുത്തിയത്. കാൽ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 4ഓടെ മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ ഷാനൂർ കൺസ്ട്രക്ഷൻ കമ്പനിയുടെ വില്ലാ പ്രോജക്ടിന് പിറകുവശത്തെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയാണ് അപകടം. വില്ലയുടെ പിറകിൽ 30 അടിയോളം താഴ്ചയുണ്ട്. ഈ ഭാഗത്ത് മതിൽ നിർമ്മാണത്തിനായി കുന്ന് ഇടിച്ച് മാറ്റുന്ന ജോലികൾ നടക്കുകയായിരുന്നു. മണ്ണിടിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം മതിൽ നിർമ്മാണം ആരംഭിച്ചിരുന്നു. ഈ ഭാഗമാണ് തകർന്നുവീണത്. കുന്നിടിച്ച് മണൽ കടത്തുന്നതിനെതിരെയും അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും പരിശോധനയ്ക്ക് എത്തിയില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. അപകട സമയത്ത് വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സ് എത്തുമ്പോൾ കഴുത്തിന് തൊട്ടുതാഴെവരെ മണ്ണ് മൂടപ്പെട്ട അവസ്ഥയിലായിരുന്നു യുവാവ്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ഒരുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷിച്ചത്. കഴക്കൂട്ടം ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു, ലീഡിംഗ് ഫയർമാൻ മധു, ഫയർമാന്മാരായ നിഷാദ്, അനിൽകുമാർ, ആദർശനാഥ്, ഹാമിൽട്ടൺ, ഹോം ഗാർഡ് ബാലചന്ദ്രനാഥ്, സനിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.