ayyappa-bhakta-sangamam

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് കർമ്മ സമിതി അറിയിച്ചു. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്പോൾ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.

കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.

സ്വാമി വിവിക്താനന്ദ, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം സ്വാമി ശാക്തശിവലിംഗേശ്വര, ജസ്റ്റിസ് എൻ.കുമാർ, ടി.പി.സെൻകുമാർ, സംഗീത്കുമാർ, ടി.വി.ബാബു, സ്വാമി ഗോലോകാനന്ദ, സ്വാമി ബോധിതീർത്ഥ, ഗുരുരത്‌നം ജ്ഞാനതപസ്വി, സി.പി.നായർ, സതീഷ് പത്മനാഭൻ, ഡോ. പ്രദീപ് ജ്യോതി, സൂര്യൻ പരമേശ്വരൻ, സൂര്യകാലടി ഭട്ടതിരിപ്പാട് തുടങ്ങിയവർ പ്രസംഗിക്കും.

സംഗമത്തിന്റെ മുന്നോടിയായി ഇന്നലെ വൈകിട്ട് മാനവീയം വീഥിയിൽ നിന്ന് പുത്തരിക്കണ്ടം വരെ നടന്ന ബുള്ളറ്റ് റാലി ശബരിമല കർമ്മസമിതി മാർഗദർശി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.