sabarimala
SABARIMALA

തിരുവനന്തപുരം: അമ്പത്തിയൊന്ന് യുവതികൾ പ്രവേശിച്ചെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച പട്ടികയെ ചൊല്ലിയുണ്ടായ പൊല്ലാപ്പും ദുരൂഹതയും ശബരിമലയെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരിന് പുതിയ ഇന്ധനമായി മാറുന്നു. യുവതീപ്രവേശനം നല്ല നിലയിൽ സാദ്ധ്യമാക്കാനായെന്ന് തെളിയിക്കാനുള്ള സർക്കാർശ്രമത്തിന് അപ്രതീക്ഷിതമായി സംഭവിച്ച പിഴവുകളാണ് തിരിച്ചടിയായി മാറിയത്. കോടതി ചോദിക്കാതെ ഇങ്ങനെയൊരു പട്ടിക കൈമാറി എന്തിന് പുലിവാൽ പിടിച്ചുവെന്ന ചോദ്യം സർക്കാരിനെ രാഷ്ട്രീയമായി വലയ്ക്കും. അവധാനതയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് നേട്ടമാകുമായിരുന്നില്ലേയെന്നതുംചർച്ച ചെയ്യപ്പെടുന്നുണ്ട്. പട്ടികയെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സർക്കാരിനെതിരെ യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങൾ ആക്ഷേപം കടുപ്പിച്ച് രംഗത്തെത്തി. ആർ.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല കർമ്മസമിതി ഇന്ന് അയ്യപ്പഭക്തസംഗമവും യു.ഡി.എഫ് 23ന് സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധസമരങ്ങളും പ്രഖ്യാപിച്ച് നിൽക്കെ അവരുടെ പ്രചാരണത്തിന് ബലമേകുന്ന വീഴ്ചയാണ് പൊലീസിന്റെ പിഴവിലൂടെ സംഭവിച്ചത്.

എന്നാൽ, വെർച്വൽക്യൂവിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരം നൽകിയതിൽ അപാകതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരുടെ പേരുവിവരങ്ങളും ഫോൺ വിശദാംശങ്ങളുമടക്കം തയ്യാറാക്കി നൽകിയതിലൂടെ സർക്കാരിന്റെ സത്യസന്ധതയും ആത്മാർത്ഥതയും ചോദ്യം ചെയ്യപ്പെടുന്നില്ലെന്നാണ് വാദം. എന്നാൽ, ഇത്രയൊക്കെ പ്രതിഷേധമുണ്ടായിട്ടും യുവതീപ്രവേശനം സാദ്ധ്യമായെന്നതിന്റെ രേഖാമൂലമുള്ള തെളിവുകളാണ് സർക്കാർ ഹാജരാക്കിയതെന്നാണ് ഇടതുകേന്ദ്രങ്ങളിലെ വാദം. പട്ടികയിലെ ഒരാൾ പുരുഷനായത് കമ്പ്യൂട്ടർ വഴി രജിസ്റ്റർ ചെയ്ത വേളയിൽ ഫീമെയിൽ എന്ന് രേഖപ്പെടുത്തപ്പെട്ടതിനാലാണെന്നും അത് കമ്പ്യൂട്ടർ സംവിധാനത്തിലെ പിഴവായത് കൊണ്ടുതന്നെ സർക്കാരിന് അതിൽ പങ്കില്ലെന്നും ഇടത് കേന്ദ്രങ്ങൾ കരുതുന്നു.