തിരുവനന്തപുരം:അവിവാഹിതരായ പുരുഷന്മാരും 50കടന്ന സ്ത്രീകളും ഉൾപ്പെട്ട വിവാദ 'യുവതി' പട്ടികയിലെ തെറ്റുതിരുത്താൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത യുവതികളുടെ വിവരങ്ങളെല്ലാം പുനഃപരിശോധിക്കും. ശബരിമലയുടെ ചുമതലയുള്ള അഡി.ഡി.ജി.പി അനിൽകാന്തായിരിക്കും പരിശോധിക്കുന്നത്. ആധാർവിവരങ്ങൾ നൽകി 7,564 യുവതികളാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരുന്നത്. ഇതിൽ 51പേർ പൊലീസ് സംരക്ഷണയിൽ ദർശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയിൽ നൽകിയ പട്ടികയിലാണ് പിഴവുകളുണ്ടായത്. ശങ്കർ, പരംജ്യോതി,വേദശിഖാമണി എന്നീ പുരുഷന്മാരെ ഒഴിവാക്കി പുതിയ പട്ടികയുണ്ടാക്കും.
ടെക്നോപാർക്കിലെ കമ്പനിയുടെ സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളെടുത്ത് പൊലീസ് തയ്യാറാക്കിയ പട്ടിക, ബിന്ദുവിന്റെയും കനകദുർഗ്ഗയുടെയും കേസിൽ സർക്കാരിന്റെ സ്റ്റേറ്റ്മെന്റിനൊപ്പം ചേർത്തിരുന്നു. ദർശനം നടത്തിയ 51യുവതികളുടെ പട്ടികയുണ്ടെന്ന് സ്റ്റേറ്റ്അറ്റോർണി അറിയിച്ചപ്പോൾ, 'അതിന്റെ ആവശ്യമില്ല' എന്നുപറഞ്ഞ് ഹർജി തീർപ്പാക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പട്ടിക സുപ്രീംകോടതി സ്വീകരിക്കാത്തതിനാൽ, സാങ്കേതികമായി ഇത് ഫയൽചെയ്തിട്ടില്ലെന്ന് സർക്കാരിന് വാദിക്കാം. എന്നാൽ, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സമർപ്പിക്കുന്ന സ്റ്റേറ്റ്മെന്റുകളിൽ വസ്തുതാപരമായ പിശകുകളുണ്ടാകരുതെന്നാണ് ചട്ടം. പിശകുവന്നാൽ ഫയൽചെയ്ത ഉദ്യോഗസ്ഥനെതിരെ ജയിൽശിക്ഷയടക്കം നടപടിയെടുക്കാം. എതിർഭാഗം അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയാൽ കുഴയും. അതാണ് പട്ടിക തിരുത്താൻ സർക്കാർ തീരുമാനിച്ചത്.
ചീഫ്സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, നിയമസെക്രട്ടറി എന്നിവർ ഇന്നലെ ഇക്കാര്യം ചർച്ച ചെയ്തു. യുവതീപ്രവേശനത്തിലെ പുന:പരിശോധനാഹർജി പരിഗണിക്കുമ്പോൾ ഇത് പ്രശ്നമാകാമെന്ന് യോഗം വിലയിരുത്തി. നിയമവകുപ്പിന്
യുവതികളുടെ കണക്ക് നൽകുകയോ ഉപദേശം തേടുകയോ ചെയ്തിരുന്നില്ല. സുപ്രീംകോടതിയിലെ സ്റ്റേറ്റ്മെന്റ് നിയമവകുപ്പ് കാണുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. 16.2ലക്ഷം പേരാണ് വെർച്വൽക്യൂ രജിസ്ട്രേഷൻ നടത്തിയത്. ഇതിൽ 8.6 ലക്ഷം പേർ മലകയറി. എല്ലാവരുടെയും വിവരങ്ങൾ പരിശോധിക്കുക അസാദ്ധ്യമായിരുന്നെന്ന നിലപാടിലായിരുന്നു പൊലീസ് നേതൃത്വം. യുവതീപട്ടിക ചോർന്നതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് യോഗം ശുപാർശനൽകിയിട്ടുണ്ട്.
പിഴവുകൾ
ദേവശിഖാമണി
പട്ടികയിലെ 42-ാമൻ. ക്യൂ കൂപ്പണിൽ സ്ത്രീയെന്നാണ് വന്നത്. ഇതേ പാസുമായി ദർശനം നടത്താൻ പൊലീസ് അനുവദിച്ചു
ശങ്കർ
പുതുച്ചേരിയിലെ ടാക്സിഡ്രൈവറാണ്. 48-ാം നമ്പറിലെ കലൈവതി എന്ന പേരിനൊപ്പം ശങ്കറിന്റെ ആധാർനമ്പറും മൊബൈൽ നമ്പറുമാണ്. ഇത്തവണ ശബരിമലയിൽ പോയിട്ടില്ലെന്നും കലൈവതി എന്ന സ്ത്രീ കുടുംബത്തിലില്ലെന്നും ശങ്കർ
പരംജ്യോതി
ചെന്നൈയിലെ 47കാരൻ. പട്ടികയിലുള്ള ആധാർനമ്പർ, ഫോൺനമ്പർ, മേൽവിലാസം ഇയാളുടേതാണ്. നവംബർ29ന് ദർശനം നടത്തി. ക്യൂകൂപ്പണിൽ സ്ത്രീയെന്നാണ് വന്നത്. ഇത് തിരുത്താനായില്ല.
പിഴവിന്റെ കാരണം
പൊലീസിന്റെ വെർച്വൽ ക്യൂ സെർവറിൽ നിന്ന് 10നും50നുമിടയിലെ സ്ത്രീകളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പ്രിന്റ്ഔട്ടെടുത്ത് അതേപടി നൽകി. പരിശോധിച്ചില്ല. പുന:പരിശോധനാഹർജി പരിഗണിക്കും മുൻപ്, കൂടുതൽ യുവതികൾ ദർശനം നടത്തിയെന്ന് കോടതിയെ അറിയിക്കുകയായിരുന്നു ലക്ഷ്യം.
റിപ്പോർട്ട് തേടി
പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പി അനിൽ കാന്തിന് ഡി.ജി.പി നിര്ദ്ദേശം നൽകി.