dhanya

 ബസിന്റെ പിൻഭാഗം തട്ടി യുവതി ടയറിനടിയൽ വീണു

നേമം: അമിതവേഗത്തിൽ സ്‌കൂട്ടറിനെ മറികടന്ന കെ.എസ്.ആർ.ടി.സി ബസ് തട്ടിയുണ്ടായ അപകടത്തിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്ത ഗർഭിണിക്ക് ദാരുണാന്ത്യം. ആനാവൂർ, വേങ്കച്ചൽ സ്കൂൾ ജംഗ്ഷൻ, മേക്കുംകര പുത്തൻവീട്ടിൽ വിനോദിന്റെ ഭാര്യ ധന്യയാണ് (26)മരിച്ചത്. മൂന്ന് മാസം ഗർഭിണിയായ ധന്യയെ എസ്.എ.ടി ആശുപത്രിയിൽ പരിശോധനയ്‌ക്ക് കൊണ്ടു പോവുകയായിരുന്നു.

ഇന്നലെ രാവിലെ 6.30ന് കരമന ആണ്ടിയിറക്കത്തിന് സമീപമായിരുന്നു അപകടം. തമ്പാനൂരിലേക്ക് പോവുകയായിരുന്ന പൂവാർ ഡിപ്പോയിലെ ബസാണ് സ്കൂട്ടറിൽ ഇടിച്ചത് .

അമിതവേഗത്തിൽ ഇവരെ മറികടന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് ധന്യ ബസിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി ധന്യ തത്ക്ഷണം മരിച്ചു. സ്കൂട്ടറുമായി മറുവശത്തേക്ക് വീണ വിനോദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിനോദിനെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ബസിന്റെ ഡ്രൈവർ അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. കരമന പൊലീസ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു.

നെയ്യാറ്റിൻകരയിലെ എസ്.എൻ ബേക്കറി തൊഴിലാളിയാണ് വിനോദ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 2 വർഷമായി. ആദ്യം ഗർഭച്ഛിദ്രമുണ്ടായതിനെ തുടർന്ന് എസ്.എ.ടിയിൽ ചികിത്സയ്ക്ക് ശേഷം രണ്ടാമത് ഗർഭിണിയായതാണ് ധന്യയെന്ന് ബന്ധുക്കൾ പറഞ്ഞു. നെയ്യാറ്റിൻകര മണലൂരിൽ പരേതനായ വേണുവിന്റെയും ശോഭനകുമാരിയുടെയും മകളാണ്. മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു..