ഒാരോ ജില്ലയിലും സ്പോർട്സ് സ്കൂളുകൾ ആരംഭിക്കുമെന്ന്
മന്ത്രി ഇ.പി. ജയരാജൻ
തിരുവനന്തപുരം : വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കായിക രംഗത്തും മികവ് നേടണമെന്ന് മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. ഒാരോ ജില്ലയിലും ഒാരോ സ്പോർട്സ് സ്കൂൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ജോസഫ്‌സ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്പോർട്സ് അക്കാഡമിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അക്കാഡമിയുടെ ലോഗോ മന്ത്രി ഇ.പി. ജയരാജൻ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസിന് നൽകിയും അക്കാഡമിയുടെ ജേഴ്സി ബിഷപ്പ് അക്കാഡമിയുടെ ക്യാപ്ടനു നൽകിയും പ്രകാശനം നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ. ഡൈസൺ വൈ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജു വൈ, പ്രിൻസിപ്പൽ പി.ജെ. വർഗീസ്, ഹെഡ്മാസ്റ്റർ ജോസഫ് ജോസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബിജു പി. പോൾ, മുൻ ഹെഡ്മാസ്റ്റർ ഫാ.എഫ്രേം തോമസ് സ്റ്റാഫ് സെക്രട്ടറി രാജു ഡി എന്നിവർ സന്നിഹിതരായിരുന്നു.