mamtha

കൽക്കത്ത: ബംഗാളികളെക്കുറിച്ച് ഒരുപഴയ തമാശയുണ്ട്. ഏതൊരു ബംഗാളിയുടെയും ഏറ്റവും വലിയ ആഗ്രഹം കൽക്കട്ട ക്ളബിന്റെ പ്രസിഡന്റ് പദവിയിൽ എത്തുക എന്നതിൽ ഒതുങ്ങുമെന്നതാണത്. ഇത് പൊളിച്ചത് പ്രണബ് മുക്കർജിയാണ്. അദ്ദേഹം രാഷ്ട്രപതിയായി. ഇപ്പോൾ ബംഗാളികൾ നോട്ടമിടുന്നത് പ്രധാനമന്ത്രിസ്ഥാനമാണ്. ഏതൊരു ബംഗാളിയോടും ഇപ്പോൾ ചോദിക്കൂ, ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന്. മമത ബാനർജിക്ക് എന്താണ് യോഗ്യതക്കുറവ് എന്നായിരിക്കും അവർ തിരിച്ചുചോദിക്കുക.

മമത ബാനർജിക്ക് മുമ്പ് കോൺഗ്രസുമായി ഇടയാൻ ധൈര്യം കാട്ടിയ ഒരാളേയുള്ളൂ. അത് പ്രണബ് മുക്കർജി തന്നെയാണ്. പക്ഷേ രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് രൂപീകരിച്ച അദ്ദേഹം അതെല്ലാം മടക്കികെട്ടി കോൺഗ്രസിലേക്ക് വേഗം മടങ്ങുകയായിരുന്നു.

1988 ലാണ് മമത ബാനർജി കോൺഗ്രസ് വിട്ടത്. അന്നാരും അത് അത്ര കാര്യമായി എടുത്തിരുന്നില്ല. മുടിച്ചിയായ പുത്രി മടങ്ങിവരും എന്ന് മുതിർന്ന കോൺഗ്രസുകാർ കരുതി. എന്നാൽ എല്ലാ രാഷ്ട്രീയ കണിയന്മാരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസിനെ അത്യുഗ്രൻ ശക്തിയാക്കി അവർ വളർത്തിയെടുത്തു.

2014 ൽ മമത ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.സി.എയുടെ ഭാഗമാകുമെന്ന് പ്രചാരണമുണ്ടാകുമായിരുന്നു. പക്ഷേ മമത മാറിനിന്നു. 2014 ലെ മോദി സുനാമിയിൽ എല്ലാവരും കടപുഴകി വീണപ്പോഴും നിലം ഉറപ്പിച്ചു മമതനിന്നു. ബി.ജെ.പിക്ക് പശ്ചിമ ബംഗാളിൽ വെറും 2 സീറ്റാണ് കിട്ടിയത്.

പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പോരാടിയാൽ മോദിയെ വീഴ്ത്താം എന്ന ഫോർമുലയുമായി ഡൽഹിയിൽ 2018 അവസാനം മുതൽ ചരടുവലികൾ നടത്തിയത് മമതയുടെ ദൂതന്മാരാണ്. അന്നാരും അത് ഗൗരവമായി എടുത്തില്ല.

എന്നാൽ ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിൽക്കണം എന്ന ചിന്ത അതിശക്തമായിരിക്കുന്നു. ബി.ജെ.പി അല്ല, മോദിയാണ് അവരുടെ എതിരാളി. ഇൗ അവസരം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മമത കൂറ്റൻ റാലി കൊൽക്കൊത്തയിൽ സംഘടിപ്പിച്ചത്.

രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് ഡി.എം.കെ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡുവിന് ആഗ്രഹമുണ്ടെങ്കിലും നല്ല നിശ്ചയമില്ല. കെ. ചന്ദ്രശേഖര റാവും എല്ലാവരെയും ഉൗഹിക്കാൻ വിട്ട് കൗശല പൂർവം നീങ്ങുന്നു. ബി.എസ്.പിയും എസ്.പിയും കൈകോർത്ത് നീങ്ങുന്നു. ഇവിടെയാണ് മമതയുടെ പ്രസക്തി വർദ്ധിക്കുന്നത്. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പ്രതിപക്ഷത്തെ പോരാളിയാവാൻ കഴിഞ്ഞാൽ മമതയ്ക്ക് തുറപ്പ് ചീട്ട് കളത്തിൽ അടിക്കാം. അത് സംഭവിക്കുമോ? രാഷ്ട്രീയത്തിൽ ഒന്നും പറയാനാകില്ല. പക്ഷേ എൈക്യ ഇന്ത്യാ റാലി സമീപകാല ഭാവി മുൻകൂട്ടി കണ്ടുള്ള ഒരു നിക്ഷേപമാണെന്നതിൽ സംശയമില്ല. ദേശീയ നേതാവായി മമതയെ ഉയർത്തിക്കാട്ടുകയാണ് റാലിയുടെ ലക്ഷ്യം. മോദിയോട് യാതൊരു മമതയും പുലർത്താതെ മമത നീങ്ങുന്നത് ഡൽഹിയിലെ കസേര ഉറപ്പിക്കാനാണ്.