തിരുവനന്തപുരം: തിരുവന്തപുരത്തു നിന്ന് ഷൊർണൂർ വഴി മധുരയിലേക്കുള്ള അമൃത- രാജ്യറാണി എക്സ്പ്രസ് മേയ് 9 മുതൽ വേർപിരിഞ്ഞ് രണ്ടു ട്രെയിനുകളാകും. ഒരു ട്രെയിൻ തിരുവന്തപുരത്തു നിന്ന് മധുരയിലേക്ക് അമൃത എക്സ്‌പ്രസ് ആയും, രണ്ടാം ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണിയായും സർവീസ് നടത്തും.
എന്നാൽ പ്രത്യേക ട്രെയിനുകൾ ആകുമ്പോൾ രണ്ടു ട്രെയിനും യാത്രയ്ക്ക് അധിക സമയമെടുക്കും. നിലവിലെ അമൃത- രാജ്യറാണി തിരുവനന്തപുരത്തു നിന്ന് രാത്രി 10 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.10 ന് മധുരയിൽ എത്തും. മേയ് 9 മുതൽ ഇത് തിരുവനന്തപുരത്തുനിന്ന് രാത്രി 8.30ന് ആയിരിക്കും പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 12.15ന് മധുരയിലെത്തും. മടക്കം ഉച്ചയ്ക്ക് 3.15ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 5.50ന് തിരുവനന്തപുരത്ത്. ഷൊർണൂർ ജംഗ്ഷൻ ഒഴിവാക്കിയാകും യാത്ര.
കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.50ന് നിലമ്പൂരെത്തും. മടക്കയാത്ര രാത്രി 8.50ന് നു പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയിൽ. നിലവിലെ എട്ടു കോച്ചിനു പകരം നിലമ്പൂരിലേക്ക് 18 കോച്ചുകളുണ്ടാകും. സമയക്രമം മാറുന്നതോടെ
നിലമ്പൂർ യാത്രയ്ക്ക് മൂന്നു മണിക്കൂറും മധുരയിലേക്ക് ഒന്നര മണിക്കൂറും അധികമെടുക്കും.
ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് രാത്രി 10 ന് പുറപ്പെടുന്ന അമൃതയുടെ സമയം 8.30 ആക്കുന്നതോടെ, അമൃതയുടെയും മംഗലാപുരം എക്സ്പ്രസിന്റെയും സമയം ഒരുമിച്ചാകും. പിന്നീട് വടക്കോട്ട് രാത്രി 11.20 നുള്ള ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്‌പ്രസ് മാത്രമായിരിക്കും ആശ്രയം.