കല്ലറ: ജോലിക്കിടെ അമ്പതടി ഉയരമുള്ള ടവറിന് മുകളിൽ അബോധാവസ്ഥയിലായ ആര്യനാട് തോളൂർ സ്വദേശി അഖിലിനെ (24) ഫയർ ഫോഴ്സ് രക്ഷിച്ചു. ഇന്നലെ ഭരതന്നൂർ കൊച്ചാന കല്ലുവിളയിലെ ടെലിഫോൺ ടവറിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടം. പണി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. വിവരം താഴെ ഉണ്ടായിരുന്ന സഹപ്രവർത്തകനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു അഖിൽ. ടവറിൽ കയറിയ സഹപ്രവർത്തകൻ, സേഫ്റ്റി ബെൽറ്റിൽ തൂങ്ങിയ നിലയിലായിരുന്ന അഖിലിനെ റോപ് കൊണ്ട് ടവറിൽ സുരക്ഷിതമായി കെട്ടിയശേഷം ഫയർഫോഴ്സിനെയും പാങ്ങോട് പൊലീസിനെയും വിവരമറിയിച്ചു. വിതുര ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഒാഫീസർ രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ ഷാജി അഖിലിനെ കയർവഴി സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വെയിലിന്റെ കാഠിന്യം കൊണ്ടാണ് ബോധക്ഷയം ഉണ്ടായതെന്നാണ് ഫയർ ഫോഴ്സിന്റെ നിഗമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലിന് കാര്യമായ കുഴപ്പമില്ല.