തിരുവനന്തപുരം: റൂസ (രാഷ്ട്രീയ ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഗവ. കോളേജുകൾ, സ്വയംഭരണ കോളേജുകൾ, എയ്ഡഡ് കോളേജുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണം മെച്ചപ്പെടുത്താനുമായി 44.70കോടി അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 9 ഗവ. കോളേജുകൾ, 91 എയ്ഡഡ് കോളേജുകൾ, 5 സ്വയംഭരണ കോളേജുകൾ എന്നിവയ്ക്കായി സംസ്ഥാന വിഹിതമായി 44,70,00,000 രൂപയുടെ ധനസഹായവും കേന്ദ്ര വിഹിതമായി 67,05,00,000 രൂപയുടെ ധനസഹായവും ലഭിക്കും. റൂസ രണ്ടാംഘട്ടത്തിന്റെ ആദ്യഗഡുവായി ഒരു കോടി രൂപ വീതമാണ് ഓരോ കോളേജിനും ഇപ്പോൾ അനുവദിച്ചത്. രണ്ടും മൂന്നൂം ഗഡുക്കളായി ഒരു കോടി രൂപ കൂടി അനുവദിക്കും. പദ്ധതി രൂപരേഖ അവതരണം പൂർത്തിയായാലുടൻ ഫണ്ട് കൈമാറുന്നതാണെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.