bjp-

തിരുവനന്തപുരം: ശബരിമല പ്രശ്‌നം രാഷ്ട്രീയമായി ഉയർത്തി നേട്ടമുണ്ടാക്കുന്നതിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയതെന്നും എന്നാൽ മുന്നോട്ട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കാണാനായില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതിപ്രവേശന പ്രശ്‌നമുയർത്തി ബി.ജെ.പി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും.

വിശ്വാസ സംരക്ഷണത്തിനായുള്ള സമരപരിപാടികൾ പൂർണവിജയമായില്ലെന്നും ഭാവി സമരപരിപാടികൾ ഇന്ന് സമരപ്പന്തലിൽ പ്രഖ്യാപിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിൻവലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം. എന്നാൽ മകരവിളക്കിന് ശേഷമാണ് നിരോധനാജ്ഞ നീക്കിയത്. ഇതോടെ സമരം പുനഃപരിശോധന ഹർജി പരിഗണിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചു. എന്നാൽ അതും നീളുമെന്നായതോടെ സമരം തുടരുന്നതിൽ അർത്ഥമില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ശബരിമലയിൽ രാഷ്ട്രീയനീക്കത്തിനാണ് സർക്കാർ മുതിർന്നതെന്ന് ശ്രീധരൻപിള്ളയ്‌ക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ട ബി.ഡി.ജെ.എസ് അഖിലേന്ത്യ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സ്പർദ്ധ വളർത്താനാണ് സി.പി.എമ്മും യു.ഡി.എഫും ശ്രമിച്ചത്. ഹിന്ദുവോട്ട് വേർതിരിച്ച് ന്യൂനപക്ഷവോട്ടിന് വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.