പട്ടത്ത് 10 നിലകളുള്ള സമുച്ചയം ഒന്നര വർഷത്തിനകം നിർമ്മാണ കരാറിൽ ഇന്ന് ഒപ്പിടും
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കമ്മിഷനുകൾക്ക് ഒറ്റ മന്ദിരത്തിൽ പ്രവർത്തിക്കാൻ സൗകര്യമൊരുങ്ങുന്നു. പട്ടം ജംഗ്ഷനു സമീപം ഇ.പി.എഫ്, ലീഗൽ മെട്രോളജി ഓഫീസ് കെട്ടിടങ്ങൾക്കടുത്ത്, പൊതുമരാമത്ത് വകുപ്പിന്റെ 50 സെന്റ് സ്ഥലത്ത് പത്തു നിലകളിലായാണ് പുതിയ മന്ദിരസമുച്ചയം നിർമ്മിക്കുക. വകുപ്പിന്റെ സ്വന്തം പണം ഉപയോഗിച്ചുള്ള നിർമ്മാണത്തിനുള്ള കരാറിൽ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയറും കരാറുകാരനും ഇന്ന് ഒപ്പുവയ്ക്കും. കെട്ടിടം പൂർത്തിയാകുമ്പോൾ ഏഴ് കമ്മിഷൻ ആസ്ഥാനങ്ങൾ ഇവിടേക്കു മാറും.
നിലവിൽ നഗരത്തിൽ പലേടത്തായുള്ള കമ്മിഷൻ ഓഫീസുകൾ തേടി ജനങ്ങൾക്ക് അലയേണ്ടിവരില്ലെന്നതാണ് പ്രധാന ഗുണം. വാടക കെട്ടിടങ്ങളിലുള്ള കമ്മിഷനുകൾ പുതിയ കെട്ടിടത്തിലേക്കു മാറുന്നതോടെ ആ ഇനത്തിലെ നഷ്ടവും ഒഴിവാക്കാം.
മന്ദിരത്തിന് 45 കോടിയുടെ ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുള്ളത്. 35 കോടി കെട്ടിട നിർമ്മാണത്തിനും 10 കോടി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് പ്രവൃത്തികൾക്കും.ഒന്നര വർഷത്തിനകം പണി തീർക്കണം. 8663.65 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഭൂനിരപ്പിനു താഴെ മൂന്നു നിലകളും ഗ്രൗണ്ട് ഫ്ളോറിനു മുകളിൽ ആറുനിലകളും ഉണ്ടാകും.വിശാലമായ പാർക്കിംഗ് മേഖലയും കോർട്ട് ഹാളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടും.പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ മേൽനോട്ടം.സേഫ് മെട്രിക്സ് എന്ന സ്ഥാപനമാണ് കെട്ടിടം രൂപകല്പന ചെയ്തത്.
ഒരു കുടക്കീഴിൽ
ഏഴു കമ്മിഷനുകൾ
മനുഷ്യാവകാശ കമ്മിഷൻ
വനിതാ കമ്മിഷൻ
ലോകായുക്ത
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ
കാർഷിക കടാശ്വാസ കമ്മിഷൻ
ന്യൂനപക്ഷ കമ്മിഷൻ
ജൈവ വൈവിധ്യ ബോർഡ്