നെയ്യാറ്റിൻകര: ഭരണഘടന അനുശാസിക്കുന്ന സ്ത്രീകളെ സംബന്ധിച്ച മൗലിക പ്രശ്നങ്ങൾ നേരിടാൻ നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ സ്ത്രീ സമൂഹം മുന്നോട്ട് വരണമെന്ന് കേരള മഹിളാസംഘം നെയ്യാറ്റിൻകര മണ്ഡലം സമ്മേളം ആഹ്വാനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗ്ഗവി തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര പി.കെ.വി സെന്ററിൽ ചേർന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ. കെ. അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി ലതാഷിജു റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, അസി. സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ, മണ്ഡലം സെക്രട്ടറിയേറ്റംഗം എസ്. രാഘവൻ നായർ, കാരോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സുനി തുടങ്ങിയവർ സംസാരിച്ചു. കെ. ശാന്തകുമാരി രക്തസാക്ഷി പ്രമേയവും നഗരസഭ കൗൺസിലർ കലാ മങ്കേഷ്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം 20 അംഗ സമ്മേളന പ്രതിനിധികളെയും 18 അംഗ മണ്ഡലം കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എൻ.കെ. അനിതകുമാരി ( പ്രസിഡന്റ്) ജയകുമാരി (വൈസ് പ്രസിഡന്റ്), ലതാ ഷിജു (സെക്രട്ടറി), ജെ. ഡാളി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.