1

വിഴിഞ്ഞം: അടുക്കള മുറ്റങ്ങളിൽ കരിപുരണ്ട പത്രങ്ങളിൽ താളമിട്ടുപാടിയവർക്കു ഇനി പ്രായം മറന്നും ഡാൻസും പാട്ടും പഠിക്കാം. സാംസ്കാരികവകുപ്പും തദ്ദേശ സ്വായം ഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്‌ഘാടനം കല്ലിയൂർ പഞ്ചായത്തിലെ എസ്.എൻ.വി ഗ്രന്ഥശാലയിൽ നടന്നു. പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി നിർവഹിച്ചു. പഞ്ചായത്തു പരിധിയിൽ കലയോട് താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്ന പഠനക്ലാസ്സുകളിൽ ശാസ്ത്രീയസംഗീതം, കേരളനടനം, മോഹിനിയാട്ടം, നടൻ പാട്ട്,​ ചിത്രകല, ശില്പകല എന്നിവ പരിശീലിപ്പിക്കും. രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുന്ന പഠന പദ്ധതി പൂർണമായും സൗജന്യമാണ്. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഉദ്‌ഘാടനമാണ് ഇന്നലെ കല്ലിയൂർ പഞ്ചായത്തിൽ നടന്നത്. കലകളോട് താല്പര്യമുള്ള എന്നാൽ സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ കഴിയാതെ പോയ വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇവിടെ കലാപഠനം തുടങ്ങാം. സാംസ്കാരികവകുപ്പു സംസ്ഥാനത്തു നടപ്പിലാക്കുന്ന ഈ പഠന പദ്ധതിയിലൂടെ 38 ഓളം കലകളാണ് ഗ്രാമീണ ജനതയ്ക്കു പകർന്നു കൊടുക്കുന്നത്. കല്ലിയൂർ പഞ്ചായത്തിൽ 7 ഇനങ്ങളിൽ മാത്രമാണ് ഇപ്പോൾ പരിസീലനം നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം ഓരോ ഇനത്തിലുമായി രണ്ടു മണിക്കൂർ നീളുന്ന ക്ലാസ്സുകളാണ്. ഇതിനായി ഇപ്പോൾ ഏഴോളം അദ്ധ്യാപകരെ സാംസ്‌കാരിക വകുപ്പ് തിരഞ്ഞെടുത്തു. സംഗീതത്തിലും നൃത്തത്തിലും ബിരുദവും ബിരുതാനന്തര ബിരുദവും നേടിയ മനു, സ്റ്റീന, പ്രിയ, അനൂപ്, പാർവതി, രമ്യ, വിപിൻ എന്നിവരാണ് കല്ലിയൂർ പഞ്ചായത്തിൽ പരിശീലനം നല്കുന്നവർ. രണ്ടുവർങ്ങൾകൊണ്ടു പൂർത്തിയാക്കിയ കലാപരിശീലനത്തിന് നേമം ബ്ലോക്ക് പഞ്ചായത്തിനിന്റെ കീഴിൽ അരങ്ങേറ്റം സംഘടിപ്പിക്കുമെന്ന് കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പെരിങ്ങമ്മല വാർഡ് അംഗം മിനി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീശൻ, ഗിരിജ, സ്റ്റീന എന്നിവർ സംസാരിച്ചു.