dd

നെയ്യാറ്റിൻകര: പാലക്കടവ്- കോടതി റോഡിലൂടെ രാത്രികാലങ്ങളിൽ അനധികൃത ചരക്ക് ലോറികളുടെ മരണപ്പാച്ചിൽ നടക്കുന്നതായി പരാതി. ദേശീയപാതയിലെ അമരവിള ചെക്ക് പോസ്റ്റിൽ വരാതെ ഭാരം കയറ്റിയ ലോറികളും മറ്റ് വാഹനങ്ങളും കണ്ണാംകുഴി പാലക്കടവ് പാലത്തിലൂടെ കോടതി വഴി ദേശീയപാതയിൽ എത്തും. ഈ കുറുക്കുവഴി കാരണം പാലക്കടവിൽ വില്പനനികുതി- എക്സൈസ് ചെക്ക് പോസ്റ്റുകളുണ്ടെങ്കിലും രാത്രികാലങ്ങളിൽ വലിയ പരിശോധനയോ പിടുത്തമോ ഇല്ല. ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി പോകരുതെന്ന് പി.ഡബ്ല്യു. ഡി. റോഡിന് ഇരുവശത്തും വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം നോക്കുകുത്തിയാക്കിയാണ് രാത്രി സഞ്ചാരം. പി.ഡബ്ള്യു. ഡി. അധികൃതർ തന്നെ പല പ്രാവശ്യം വില്പന നികുതി ചെക്ക് പോസ്റ്റുകളിൽ ഇതേ കുറിച്ച് സൂചന നൽകിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ ഭാരം പരിശോധിക്കേണ്ട ചുമതല തങ്ങൾക്കില്ലെന്നാണ് ചെക്ക് പോസ്റ്റ് അധികൃതരുടെ നിലപാട്. ജി.എസ്.ടി നിലവിൽ വരികയും ബാറുകൾക്ക് താഴ് വീഴുകയും ചെയ്തതോടെ ചെക്ക് പോസ്റ്റ് വെട്ടിച്ചുള്ള കടത്ത് കുറഞ്ഞെങ്കിലും അനധികൃത കടത്തുകാരെല്ലാം ആശ്രയിക്കുന്നത് പാലക്കടവ് റോഡാണ്. കൂറ്റൻലോറികളിൽ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവുമൊക്കെ കടത്തിക്കൊണ്ടു പോകുന്നത് സ്ഥിരം ഏർപ്പാടാണ്. ഇവിടെയാകട്ടെ കടുത്ത പരിശോധനയുമില്ല.

പാലക്കടവ് -കോടതി റോഡ് വഴിയാണ് ടൗൺ പ്രദേശത്തേക്ക് ആവശ്യമായ കുടിവെള്ള വിതരണത്തിന്റെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോയാൽ പൈപ്പ് ലൈൻ പൊട്ടുന്നതും ഇവിടെ പതിവാണ്. മാസത്തിലൊരിക്കലെങ്കിലും പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

പേമാരിയും കനത്ത മഴയുമുണ്ടായി നെയ്യാർ കരകവിഞ്ഞൊഴുകുമ്പോൾ ആദ്യം വെള്ളത്തിനടിയിലാകുന്നത് പാലക്കടവ് പാലമാണ്. സ്ഥിരമായി വെള്ളപ്പൊക്കത്തിൽ ഒഴുക്കുവെള്ളം കുത്തിയൊലിച്ച് പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ട്. ഇതിന് പുറമേയാണ് പാലത്തിലൂടെ ഭാരം കയറ്റിയുള്ള ലോറികളുടെ സഞ്ചാരവും. പാലം ഏതു നേരവും നിലം പൊത്തുമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.