തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ( കെ.എ.എസ്) സ്ട്രീം രണ്ടിലും മൂന്നിലും പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംവരണ പരിധിയിൽ നിന്നു ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
സംവരണം നൽകാൻ തയ്യാറായില്ലെങ്കിൽ പതിനായിരക്കണക്കിന് പേരെ അണിനിരത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമായി ഇതുസംബന്ധിച്ച് കോൺഗ്രസ് ചർച്ചനടത്തി.നിലവിലെ വ്യവസ്ഥപ്രകാരം കെ.എ.എസ് നടപ്പിലാക്കിയാൽ ഈ വിഭാഗത്തിൽപ്പെടുന്ന ഒരാൾക്കും ഐ.എ.എസ് പോലുള്ള ഉന്നത പദവികളിൽ എത്താൻ കഴിയില്ല. പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായി ലഭിച്ച സംവരണ അവകാശത്തെ പിച്ചിചീന്തി അവസരങ്ങൾ കൊട്ടിയടക്കുകയാണ് പിണറായി സർക്കാർ.
ഈ വിഭാഗങ്ങളെ തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കുന്നത് സാമൂഹ്യനീതി നിഷേധമാണ്.സംവരണ സംവിധാനത്തെ തകിടം മറിക്കുന്ന സർക്കാരിന്റെ നടപടി വരേണ്യവർഗത്തെ സഹായിക്കുന്നതാണ്. ഇത് ഒരിക്കലും അംഗീകരിക്കാൻ കോൺഗ്രസിനാവില്ല.