മുടപുരം: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉല്ലാസത്തിനും സൗഹൃദ കൂട്ടായ്മക്കുമായി മംഗലപുരം ഗ്രാമപഞ്ചായത്തിലെ ശാസ്തവട്ടത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നാല് വർഷം മുൻപ് ഐ.സി.ഡി.എസ് ഫണ്ട് ഉപയോഗിച്ചാണ് ഇതിനായി കെട്ടിടം നിർമ്മിച്ചത്. കാലപ്പഴക്കത്താൽ കെട്ടിടത്തിന് കേടുപാട് സംഭവിച്ചതായും അറിയുന്നു. ശാസ്തവട്ടത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് സമീപമാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. അങ്കണവാടി, പകൽവീട്, അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങിയവയൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. നാല് വശത്തും മതിൽ കെട്ടി ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ മന്ദിരം അനാഥമായി കിടക്കുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
ബഡ്സ് സ്കൂൾ പ്രവർത്തിച്ചാൽ !
മംഗലപുരം ഗ്രാമപഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ രാവിലെ അവരുടെ വീടുകളിൽ ചെന്ന് വാഹനത്തിൽ ബഡ്‌സ് സ്‌കൂളിൽ എത്തിക്കും. സ്‌കൂളിൽ ആഹാരവും പഠനവും കളികളും സൗഹൃദ കൂട്ടായ്മയും ഉണ്ടാകും. വീട്ടിൽ ഒറ്റയ്ക്കിരുന്ന് മാനസിക പ്രയാസം ഉണ്ടാകുന്ന ഇവർക്ക് ബഡ്‌സ് സ്‌കൂളിൽ വന്ന് മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയുന്നത് അവർക്ക് ഒട്ടേറെ ആശ്വാസം നൽകും .അതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ അതിനായി നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിൽ നാട്ടുകാർക്ക് വലിയ പരാതിയുണ്ട്. ഇതിനായി ഫർണിച്ചറും ജീവനക്കാരും വാഹനവും ആയിട്ടില്ലെന്നാണ് അറിയുന്നത്.