ഡിസംബറിലാണ് എയ്ഡ്സ് ദിനവും എയ്ഡ്സ് വാരവും ആഘോഷിക്കുന്നത്. ഞാൻ എം.ഡി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് - 1982 അവസാനം. എയ്ഡ്സ് എന്ന രോഗം മിക്കവാറുംഅജ്ഞാതമായിരുന്നു. അപ്പോഴാണ് ചില മെഡിക്കൽ ജേർണലുകളിൽ ഒരു പ്രത്യേക രോഗത്തെക്കുറിച്ചുള്ള വിവരണങ്ങൾ വന്നുതുടങ്ങിയത്. അവയെല്ലാം കേസ് സ്റ്റഡികൾ ആയിരുന്നു. ചില കേസുകളെക്കുറിച്ചുള്ള വിവരണങ്ങൾ. കേസ് സ്റ്റഡി ഒരു പഠനരീതി എന്ന നിലയിൽ ഏറ്റവും ഉയർന്ന ശ്രേണിയിൽ പെടുന്നതല്ല. എങ്കിലും ചില പ്രത്യേകതകൾ കൊണ്ട് അവ ശ്രദ്ധേയമായി. അമേരിക്കയിൽ നിന്നാണ് ഇൗ കേസ് സ്റ്റഡികൾ ഉത്ഭവിച്ചത്. സ്വവർഗരതി ശീലമാക്കിയ പുരുഷന്മാരിൽ മാത്രമായിരുന്നു ഇൗ രോഗം പ്രത്യക്ഷപ്പെട്ടിരുന്നത്. ന്യൂമോസിസ്റ്റിസ് കാരിനി എന്ന സൂക്ഷ്മജീവി ശ്വാസകോശങ്ങളിൽ വ്യാപിക്കുന്നതുകൊണ്ടുണ്ടാവുന്ന ന്യൂമോണിയ, കപോസിയുടെ സാർക്കോമ എന്നറിയപ്പെടുന്ന കാൻസർ എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. പരിശോധനയിൽ രോഗിയുടെ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നതായി മനസിലായി. അതുകൊണ്ടാണ് അത്യപൂർവമായ സൂക്ഷ്മജീവികൾ ശരീരത്തെ ആക്രമിക്കുന്നത്. ഇൗ കാരണങ്ങളാൽ ഇൗ രോഗത്തിന് 'അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷെൻസി സിൻഡ്രോം" ആർജിത രോഗപ്രതിരോധശോഷണ സിൻഡ്രോം എന്ന പേർ നിർദ്ദേശിക്കപ്പെട്ടത്. അതിന്റെ ചുരുക്കാക്ഷരങ്ങളായ 'എയ്ഡ്സ് " രോഗത്തിന്റെ പേരായി പരക്കെ അംഗീകരിക്കപ്പെട്ടു. അധികംകാലം കഴിയുന്നതിനുമുൻപ് എച്ച്.ഐ.വി ഹ്യുമൻ ഇമ്മ്യൂൺ ഡെഫിഷ്യൻസി വൈറസ് ആണ് രോഗം പരത്തുന്നതെന്നും, ലൈംഗികബന്ധത്തിലൂടെ പ്രത്യേകിച്ച് സ്വവർഗ ബന്ധങ്ങളിലൂടെ ഇത് പകരാം എന്നും കണ്ടുപിടിക്കപ്പെട്ടു.
രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗിയെക്കുറിച്ചും നമ്മുടെ ധാരണകളെ പിടിച്ചുകുലുക്കിയ ഒരു രോഗമായിരുന്നു എയ്ഡ്സ്. ഒന്നാമത് വളരെ ലോലമായ ഇൗ വൈറസ് മനുഷ്യശരീരത്തിനു വെളിയിൽ ഇരുപത് മിനിട്ടുപോലും ജീവിച്ചിരിക്കാത്ത ഇൗ സൂക്ഷ്മജീവി മനുഷ്യർക്ക് ഏറ്റവും വലിയ ഭീഷണിയായത് മനുഷ്യരുടെ പെരുമാറ്റരീതികൾ കൊണ്ടുമാത്രമാണ്.പല പങ്കാളികളുമായുള്ള സെക്സ്, വളരെ എളുപ്പമായിത്തീർന്ന രാജ്യന്തരയാത്ര, സെക്സ് ടൂറിസം എന്നിങ്ങനെ എയ്ഡ്സ് പകരുന്നതിന് സൗകര്യമൊരുക്കുന്ന ഒരുപാട് ഘടകങ്ങൾ ആധുനിക ലോകത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൊണ്ണൂറുകളുടെ ആരംഭത്തോടെ മനുഷ്യരുടെ അതിജീവനത്തിന് തന്നെ അത് ഭീഷണിയായിത്തീർന്നു. മാത്രമല്ല, ചെറുപ്പക്കാരെ ആക്രമിക്കുന്നതിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക അതിജീവനത്തിനുതന്നെ എയ്ഡ്സ് വലിയ ഒരു ഭീഷണിയായിരുന്നു. വളരെവേഗം സ്വവർഗഭോഗികളുടെ രോഗം എന്ന നിലയിൽ നിന്നും ആണിനെയും പെണ്ണിനെയും ഒരുപോലെ ആക്രമിക്കുന്ന രോഗമായി എയ്ഡ്സ് വളർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ കാട്ടുതീ പോലെ പടർന്ന ഇൗ രോഗത്തിന് ആൺ-പെൺ വ്യത്യാസമില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടങ്ങൾ പകച്ചുനിന്നു. വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഒരിടത്തും എത്തിയില്ല.
അതോടൊപ്പം രാഷ്ട്രീയ സ്വഭാവമുള്ള ആരോപണങ്ങളും ഉയർന്നുവന്നു. അതിലൊന്നായിരുന്നു സി.ഐ.എ അവരുടെ ലബോറട്ടറിയിൽ തയ്യാറാക്കിയ വൈറസ് ആണെന്നുള്ളത്. കേരളത്തിൽ പോലും ഇങ്ങനെ ആരോപിക്കുന്ന ഒരു പുസ്തകം പുറത്തുവരികയും അത് വലിയ ചർച്ചാവിഷയമാകുകയും ചെയ്തു. പക്ഷേ അത് സത്യമല്ലായിരുന്നു. കുരങ്ങുകളിൽ കാണുന്ന ഒരു വൈറസ് രൂപാന്തരം പ്രാപിച്ച് എയ്ഡ്സ് വൈറസ് ആയതാണ് എന്ന തിയറിയിൽ കുറച്ചു സത്യമുണ്ട്. അത് പക്ഷേ മനപൂർവം ആരെങ്കിലും പരീക്ഷണങ്ങളിൽകൂടി ഉണ്ടാക്കിയെടുത്തതാണെന്ന് പറയുക വയ്യ. എയ്ഡ്സ് പടർന്നുപിടിച്ച സൗത്ത് ആഫ്രിക്കയിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ്, എയ്ഡ്സ് എന്ന ഒരു രോഗമേ ഇല്ല എന്ന ഒരു നിഷേധ നിലപാട് സ്വീകരിച്ചതുമൂലം ആ രാജ്യത്ത് എയ്ഡ്സ് നിയന്ത്രണപദ്ധതിക്ക് വലിയ തടസങ്ങൾ നേരിടേണ്ടിവന്നു. അതിൽ നിന്ന് അവർ ഇപ്പോഴും കര കയറിയിട്ടില്ല.
കേരളത്തിൽ എയ്ഡ്സ് കടന്നുവന്നത് തൊണ്ണൂറുകളോടെയാണ്. എയ്ഡ്സിനെക്കുറിച്ചുള്ള അറിവ് അന്ന് ഡോക്ടർമാർക്കുപോലും കുറവായിരുന്നു. മാത്രമല്ല, നിരന്തരം രോഗികളുടെ രക്തവും മറ്റ് സ്രവങ്ങളുമായി സമ്പർക്കമുണ്ടാകുന്ന ജോലിയായതുകൊണ്ട് അവർക്കും ഇൗ രോഗത്തെ ഭയമായിരുന്നു. അന്നൊക്കെ രോഗത്തിന് ഫലപ്രദമായ ചികിത്സയൊന്നും ഇല്ലായിരുന്നു എന്നോർക്കുക. ഇൗ അജ്ഞതയും ഭയവും മറ്റു പല പ്രശ്നങ്ങളും സൃഷ്ടിച്ചു. ഒറ്റത്തവണ എയ്ഡ്സ് ടെസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും തെറ്റായി രോഗമുള്ളതായി ടെസ്റ്റിൽ രേഖപ്പെടുത്തും. ഇതിന് ഫാൾസ് പോസിറ്റീവ് എന്നുപറയും. ഇങ്ങനെ തെറ്റായി രോഗഗ്രസ്തരെന്ന് വിധിക്കപ്പെട്ടവർ പലരും വ്യാജചികിത്സകരുടെ പിടിയിൽ പെടുകയും, ഇല്ലാത്ത രോഗത്തിന് ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ചെലവാക്കുകയും ഉണ്ടായി. ആ ചികിത്സകരിൽ പലരും കോടീശ്വരന്മാരായി എന്നതും പ്രത്യേകം പറയേണ്ടതാണ്. പിന്നീടാണ് കൂടുതൽ സൂക്ഷ്മമായ 'വെസ്റ്റേൺ ബ്ളോട് "എന്ന ടെസ്റ്റ് നിലവിൽ വരികയും ഒരു വ്യക്തിയേയും രണ്ടുതവണയെങ്കിലും തുടർച്ചയായി പോസിറ്റീവ് ആകാതെ രോഗിയായി മുദ്രകുത്തരുതെന്ന നിർദ്ദേശവും ഉണ്ടായത്.
മാത്രമല്ല, കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇത് സ്വവർഗരതിക്കാരെ മാത്രം ബാധിക്കുന്ന ഒരു രോഗമായിരുന്നില്ല. ഒരു വലിയ ഭാഗം രോഗികൾ, ഭർത്താവിനോട് മാത്രം ബന്ധം പുലർത്തിയിട്ടുള്ള യുവതികളായിരുന്നു. അങ്ങനെയുള്ള ഒരു സമൂഹത്തോട്, പലരുമായുള്ള ബന്ധം ഒഴിവാക്കണമെന്നും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിർബന്ധമായും കോണ്ഡം ഉപയോഗിക്കണമെന്നുമൊക്കെ പറയുന്നത് അനൗചിത്യമായിരുന്നു .
തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള വ്യക്തികൾ വരെ ഇരുപതുവർഷത്തിനുള്ളിൽ കേരളത്തിൽ ഏത് ബസിൽ കയറിയാലും അതിൽ പകുതി എയ്ഡ്സ് രോഗികളായിരിക്കും എന്ന മട്ടിലുള്ള പ്രസ്താവനകൾ ഇറക്കിയത് ഞാനോർക്കുന്നു. എന്നാൽ കേരളം ഒരിക്കലും എയ്ഡ്സിന്റെ പ്രാചുര്യത്തിൽ ഒരു മുൻനിര സംസ്ഥാനമായില്ല. കേരള മോഡലിന്റെ മറ്റൊരു വിജയമായി അത് കൊണ്ടാടപ്പെടേണ്ടതാണ്. പക്ഷേ അതുണ്ടായിട്ടില്ല. ഞാൻ വിശ്വസിക്കുന്നത് ആരോഗ്യസന്ദേശങ്ങൾക്ക് ചെവി കൊടുക്കുന്ന വിദ്യാഭ്യാസമുള്ള ഒരു ജനത ആയിരിക്കുന്നത് അതിൽ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട് എന്നുതന്നെയാണ്.
എന്നാൽ ഒരു പക്ഷേ അതിലും വലിയ ശ്രദ്ധ അർഹിക്കുന്ന കാര്യം, ഇന്ത്യ മൊത്തം എയ്ഡ്സിന്റെ കാര്യത്തിൽ നേടിയ മുന്നേറ്റമാണ്. മറ്റുപല വികസ്വരരാജ്യങ്ങളുടെ കാര്യവുമായി താരതമ്യം ചെയ്താൽ, അതൊരു വൻ വിജയം തന്നെയാണ്. എയ്ഡ്സിന്റെ പ്രാചുര്യം ഇന്ത്യയിൽ ഇന്ന് പതിനായിരത്തിലൊന്നിലും താഴെയാണ്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് ഇരുപത് ശതമാനത്തോളമാണെന്നോർക്കുമ്പോൾ ഇതിന്റെ വ്യാപ്തി മനസിലാവും. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രോഗപ്രതിരോധ ഗാഥ എന്നുതന്നെ ഇതിനെ വിളിക്കാം.!