ramesh-chennithala

തിരുവനന്തപുരം:പേരാമ്പ്ര മസ്ജിദ് കേസിൽ എഫ്.ഐ.ആർ തിരുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സംഭവത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് , യൂത്ത്ലീഗ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പേരാമ്പ്ര സന്ദർശിച്ച ശേഷമാണ് കത്ത് നൽകിയത്.
മസ്ജിദിന് നേരെ കല്ലെറിഞ്ഞത് നാട്ടിൽ മതസ്പർദ്ധ സൃഷ്ടിച്ച് കലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു. അതിന്റെ പേരിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്​റ്റ് ചെയ്തതും മ​റ്റ് എട്ടു സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതും. എന്നാൽ ഇതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്റി ഇ.പി.ജയരാജനും രംഗത്തെത്തി. തുടർന്ന് എഫ്.ഐ.ആറിൽ മാ​റ്റം വരുത്തി ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം ലഭ്യമാക്കിയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.