atl20ja

ആ​റ്റിങ്ങൽ: ആ​റ്റിങ്ങലിന് ആദ്യാനുഭവമായി വള്ളസദ്യ. ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് വള്ളസദ്യ ഒരുക്കിയത്. പ്രശസ്തമായ ആറന്മുള വള്ളസദ്യ നടക്കുന്ന തിരു ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മേൽശാന്തിയിൽ നിന്ന് പൂജിച്ച് വാങ്ങിയ കരിക്ക്, പട്ട്, സെ​റ്റ്മുണ്ട്, ഹാരം എന്നിവ പൂവത്തറതെക്കത് ദേവീ ക്ഷേത്രത്തിലെ മേൽശാന്തി ബിജുപോ​റ്റി ഏ​റ്റുവാങ്ങി ക്ഷേത്രത്തിൽ എത്തിച്ചു. പൂജയ്ക്കുശേഷം ബിജുപോ​റ്റിയും സംഘവും ക്ഷേത്രമു​റ്റത്ത് സ്ഥാപിച്ചിരുന്ന വള്ളത്തിലെ സദ്യ നിവേദിച്ചു. ഇതിനായി ആലപ്പുഴയിൽ നിന്ന് പ്രത്യേകം വള്ളമെത്തിച്ചിരുന്നു.

മുത്തുക്കുടകൾ ചൂടിയ അനുചര വൃന്ദവും ആർപ്പോ വിളികളുമായി നാട്ടുകാരും ആവേശം പകർന്നു. രാവിലെ പത്തരയോടെ വള്ളസദ്യ ആരംഭിച്ചു. വള്ളപ്പാട്ട് പാടി സദ്യ വിളമ്പിയപ്പോൾ കഴിക്കാനെത്തിയവരും ഒപ്പം ചേർന്നു. അമ്പത്തിയൊന്ന് ഇനം കറികളുമായാണ് സദ്യ വിളമ്പിയത്. വൈകിട്ട് നാലുവരെ തുടർന്ന വള്ളസദ്യയിൽ മൂവായിരത്തി അഞ്ഞൂറോളം പേർ പങ്കാളികളായി. തിരക്ക് നിയന്ത്റിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു. വെഞ്ഞാറമൂട് സ്വദേശി സുരേന്ദ്രനും സംഘവുമാണ് ഭക്ഷണമൊരുക്കിയത്. ഉത്സവക്കമ്മി​റ്റിക്കും നാട്ടുകാർക്കും പുറമേ യുവജനകൂട്ടായ്മകളും സദ്യ വിളമ്പുന്നതിന് പങ്കാളിയായി. കേട്ടുമാത്രം പരിചയമുണ്ടായിരുന്ന വള്ളസദ്യ ആസ്വദിച്ച് കഴിക്കാൻ നാട്ടുകാർക്ക് അവസരമൊരുങ്ങുകയായിരുന്നു.