ആറ്റിങ്ങൽ: ജില്ലാ പഞ്ചായത്തിന്റേയും ആറ്റിങ്ങൽ ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ. സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്നേഹ എസ്. ഹരിയാണ് മികച്ച നടി.
ഇളമ്പ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പുരസ്കാരാർഹമായ " ട്രൂത്ത് കാൾ " ന്റെ സി ഡി പ്രകാശനം ചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു. ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയികളായവരെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാ കുമാരി, നാടകസിനിമ പ്രവർത്തകനായ അശോക് ശശി, മക്കാംകോണം ഷിബു, സുഭാഷ്, ഡി. ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം. ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്.