മലയിൻകീഴ്: ജാതിവിവേചനത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പോരാട്ടം നടത്തിയ പഴയ കണ്ടല കുടിപള്ളിക്കൂടമായ ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമിയുടെ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി കണ്ണൂർ തോട്ടട സിം പബ്ലിക് സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തി. സിം പബ്ലിക്ക് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി പഞ്ചമിയുടെ നേതൃത്വത്തിൽ എത്തിയ 50 അംഗ സംഘത്തെ ഐ.ബി. സതീഷ് എം.എൽ.എയും ഊരുട്ടമ്പലം സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പഞ്ചമി പഠിച്ച പകുതി കത്തിയ ബഞ്ച് സൂക്ഷിച്ചിരിക്കുന്ന പഞ്ചമി സ്മാരക മ്യൂസിയം കാണാനും ചിത്രങ്ങൾ എടുക്കാനും കുട്ടികൾ മത്സരമായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. രമ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ വിവേകാനന്ദൻ, ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ, പൂവച്ചൽ സുധീർ, സിം സ്കൂൾ മാനേജർ രാമദാസ് കതിരൂർ, പി.എസ്. പ്രഷീദ്, നെടുമം ജയകുമാർ, സി.കെ. രാഘവൻ, പി.ടി.എ പ്രസിഡന്റ് രാജേഷ്ശിവ, കെ. വിനി എന്നിവർ സംസാരിച്ചു.