കിളിമാനൂർ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആരോഗ്യ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന ആർദ്രം പദ്ധതി സംസ്ഥാനത്തൊട്ടാകെ നടത്തുമ്പോൾ നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുന്നു. ആരോഗ്യമേഖലയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോളാണ് നിത്യേന നൂറുകണക്കിന് രോഗികൾ എത്തുന്ന ഈ പ്രാഥമികാരോഗ്യ കേന്ദ്രം പരിമിതികളാൽ വലയുന്നത്. നഗരൂറിന് സമീപം പഴയൊരു വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജീവനക്കാർക്കു പോലും നിന്ന് തിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. പഴയൊരു വീടായിരുന്ന കെട്ടിടത്തിന്റെ നാല് മുറികളിലാണ് ഫാർമസി, ആഫീസ്, സ്റ്റോർ റൂം തുടങ്ങിയവയുടെ പ്രവർത്തനം നടക്കുന്നത്. നഗരൂർ പഞ്ചായത്തിലെ ഏക ജീവിത ശൈലി രോഗ നിർണയ കേന്ദ്രമായ ഇവിടെ മുന്നൂറോളം രോഗികളാണ് എത്താറുള്ളത്. രോഗികൾ ആശുപത്രിയിൽ എത്തിയാൽ ഒന്നിരിക്കാൻ പോലും പറ്റാതെ തളർന്നു വീഴുന്നതും പതിവ് കാഴ്ചയാണ്. പനിക്കാലമായതോടെ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ സ്ഥലപരിമിതി കൊണ്ട് കൂടുതൽ വീർപ്പുമുട്ടുകയാണ് ജീവനക്കാർ. അടിയന്തരമായി പുതിയ കെട്ടിടം പണിയുകയോ ,സൗകര്യമുള്ള മറ്റു കെട്ടിടത്തിലേക്ക് മാറുകയോ വേണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.