തിരുവനന്തപുരം: വിഷപ്പച്ചക്കറികളിലെ അപായം തിരിച്ചറിഞ്ഞപ്പോഴാണ് മുമ്പ് മലയാളി ജൈവത്തിലേക്കു തിരിഞ്ഞത്.കീടങ്ങളുടെ പ്രതിരോധ ശേഷിക്കൊപ്പം കൃഷിച്ചെലവും കൂടിയതോടെ കർഷകർ വീണ്ടും രാസ കീടനാശിനികളിലേക്കും രാസവളങ്ങളിലേക്കും തിരിഞ്ഞു. വിഷമടിച്ച പച്ചക്കറികൾ വില്ക്കുന്ന കടകളിലെ ബോർഡിനു പക്ഷേ മാറ്റമുണ്ടായില്ല: ജൈവ പച്ചക്കറികൾ വില്ക്കപ്പെടും! വില പക്ഷേ, മറ്റവനേക്കാൾ ഇരട്ടിയോളം.
പച്ചക്കറികളിലെയും മറ്റും വിഷാംശത്തെക്കുറിച്ച് രണ്ടു വർഷം മുമ്പ് വ്യാപകമായി മാധ്യമവാർത്തകൾ വന്നതോടെയാണ് മലയാളിക്കു ബോധമുദിച്ചത്- കഴിക്കുന്നതത്രയും വിഷം. പിന്നെ ജൈവകൃഷിയുടെ കാലമായി.
പിന്നെന്തേ ഇപ്പോൾ മനംമാറ്റം? വിചാരിച്ച ലാഭമില്ല. ജൈവ കീടനാശിനികൾ മുമ്പേപ്പോലെ ഏല്ക്കുന്നില്ല. പ്രളയകാലത്തെ കൃഷിനാശത്തിലുണ്ടായ നഷ്ടം നികത്താൻ ജൈവൻ പറ്റില്ല! അന്യസംസ്ഥാന പച്ചക്കറികളിലും പഴവർഗങ്ങളിലും വിഷാംശം അധികമാണെന്ന് തെളിഞ്ഞതോടെ മറുനാടനെ ഉപേക്ഷിച്ച് മലയാളി തനിനാടനിലേക്ക് ചുവടുമാറിയിരുന്നു. പക്ഷേ, ഇപ്പോൾ പുറത്തുനിന്ന് എത്തുന്നതിനേക്കാൾ കടുപ്പമാണ് നാട്ടിൽ വിളയിക്കുന്ന പച്ചക്കറികളിലെ വിഷാംശമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.
ഗുരുതരമായ ഉദരരോഗങ്ങളും കരൾരോഗവും മുതൽ കാൻസറിനു വരെ വഴിവയ്ക്കുന്നതാണ് കീടനാശിനികളിലെ വീര്യമേറിയ രാസഘടകങ്ങൾ. നിരോധിച്ച കീടനാശിനികൾ പേരു മാറ്റി വീണ്ടും വിപണിയിലെത്തുന്നു. നിബന്ധനകൾ തെറ്റിച്ചും അളവുകൾ തെറ്റിച്ചും കീടനാശിനികൾ മിശ്രിതമാക്കി വീര്യമേറ്റിയും കൂടുതൽ സമയം പ്രയോഗിച്ചും കീടങ്ങളിലെ ജഗജില്ലികളെ നേരിടുന്നതാണ് പുതിയ രീതി.
വിഷപ്പച്ചക്കറികൾക്ക് എതിരായ ബോധവത്കരണം സംസ്ഥാനത്തെ ജൈവ പച്ചക്കറി വിപ്ളവത്തിലേക്കു നയിച്ചത് 2014, 15 വർഷങ്ങളിലാണ്. 2015ൽ പച്ചക്കറി ഉത്പാദനത്തിൽ അഞ്ചു ലക്ഷം ടണ്ണിന്റെ വർദ്ധനവുണ്ടായി. ആ ഉത്സാഹം നിലനിറുത്തിയിരുന്നെങ്കിൽ നാലു വർഷത്തിനകം സംസ്ഥാനത്ത് വേണ്ടുന്നതിന്റെ 75 ശതമാനം പച്ചക്കറിയും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാമായിരുന്നു. ആദ്യത്തെ ആവേശം പോയതോടെ നിലവിലെ ആഭ്യന്തര ഉത്പാദനം, ആകെ ആവശ്യമായതിന്റെ 30 ശതമാനം മാത്രം.
എന്തുകൊണ്ട്?
കൃഷിച്ചെലവ് കൂടിയതോടെ, ഉത്പാദനം കൂട്ടാൻ രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ മാർഗമില്ലാതെ വന്നു
കീടങ്ങളുടെ പ്രതിരോധശക്തി കൂടി. ഒരിക്കൽ അമിത അളവിൽ കീടനാശിനി ഉപയോഗിച്ചാൽ അടുത്ത തലമുറ കീടങ്ങൾ കൂടുതൽ പ്രതിരോധശേഷി കൈവരിക്കും.
ജൈവകീടനാശിനി ആവശ്യത്തിനു കിട്ടുന്നില്ല. ഉള്ളതിൽ പലതിനും കീടങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നുമില്ല.
വിഷാംശം കൂടുതലുള്ള കീടാനിശിനി ബോട്ടലിന്റെ ലേബലിൽ അപായ ചിഹ്നം, ചുവപ്പ് ത്രികോണം ഇവ കാണും
ചോറിനെ പേടിക്കേണ്ട
തിരുവല്ലയിൽ നെല്ലിനു കീടനാശിനി പ്രയോഗം നടത്തിയ രണ്ടു പേർ മരിച്ചതിനെ തുടർന്ന്, നാട്ടിൽ വിളയുന്ന നെല്ലെല്ലാം വിഷമാണെന്നും ചോറു കഴിക്കുന്നവർ സൂക്ഷിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. നെല്ലു മെതിച്ച്, പുഴുങ്ങി, കുത്തിയ ശേഷമാണ് അരിയാകുന്നത്. വേവിക്കുമ്പോഴേക്കും കീടനാശിനിയുടെ അംശം മാറിയിട്ടുണ്ടാകും.
പച്ചക്കറികൾ അങ്ങനെയല്ല. ഇന്ന് കീടനാശിനി ഉപയോഗിക്കുന്ന ഇനം നാളെ വിപണിയിലെത്തും.മുളക്, കറിവേപ്പില, മല്ലിയില തുടങ്ങിയവയിലാണ് കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുള്ളത്. കൂട്ടത്തിൽ മുളകാണ് കൂടതൽ അപകടം. മസാല പൊടികളെല്ലാ മുളക് ചേർന്നതാണ്.
''നാടൻ കൃഷിരീതി പരമാവധി പ്രോത്സാഹിപ്പിക്കണം. നാട്ടിൽ വിളയുന്ന പഴവും പച്ചക്കറികളും കഴിക്കുന്ന രീതി മടങ്ങിവരണം. അതിന് സർക്കാരും ജനവും ഒത്തു നിന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.''
ഡോ. തോമസ് ബിജു മാത്യു, കാർഷിക യൂണി.
കീടനാശിനി ഗവേഷണ ലാബ് മുൻ മേധാവി