potty

തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് യൂണിയൻ (യു.ടി.യു.സി) സ്ഥാപക നേതാവുമായ ശ്രീകണ്ഠേശ്വരം രാജമന്ദിരത്തിൽ ജി.എൻ. പോറ്റി (93) നിര്യാതനായി.

ആർ.എസ്.പി തിരുവനന്തപുരം വെസ്‌റ്റ് നിയോജകമണ്ഡലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. എൻ.ശ്രീകണ്ഠൻ നായർ, ടി.കെ.ദിവാകരൻ, ബേബി ജോൺ, കെ.പങ്കജാക്ഷൻ, കെ.സി.വാമദേവൻ എന്നിവർക്കൊപ്പം ക്ഷേത്രജീവനക്കാരുടെ അവകാശ സമരങ്ങളുടെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു. ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗം, യു.ടി.യു.സി ജില്ലാ സെക്രട്ടറി, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര എംപ്ളോയീസ് യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ ചുമതലയും വഹിച്ചു. ശ്രീവരാഹം മാധ്വ തുളു ബ്രാഹ്മണ സമാജം തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറിയായും സെൻട്രൽ ക്ളബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ ക്ളബ്ബ് രക്ഷാധികാരിയുമായിരുന്നു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകോട്ട മുക്തി കവാടത്തിൽ നടത്തും. പരേതയായ സീതാലക്ഷ്മി, എസ്.ശ്രീമതി എന്നിവരാണ് ഭാര്യമാർ. വിക്രമൻ പോറ്റി (രാജു, റിട്ട.ടി.ടി.പി), വെങ്കിട്ടരമണൻ പോറ്റി (റിട്ട.‌ടി.ഡി.ബി), തങ്കം, രാധ, പരേതനായ വേണുഗോപാലൻ പോറ്റി, ജയലക്ഷ്മി, മണികണ്ഠൻ പോറ്റി, (റിട്ട.ടി.ഡി.ബി), ഉഷ, സുധ (ഐ.എസ്.ആർ.ഒ), സുരേഷ് (ഏജീസ് ഓഫീസ്) എന്നിവർ മക്കളാണ്. ജയലക്ഷ്മി, ലക്ഷ്‌മി, മാധവറാവു, വിശ്വനാഥൻ പോറ്റി, വാസന്തി, നരസിംഹൻ പോറ്റി, പദ്മജ, രാജശേഖരൻ, ശോഭ, പരേതനായ മുരളീധരൻ പോറ്റി എന്നിവർ മരുമക്കളുമാണ്.