തിരുവനന്തപുരം: കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ ദേശീയ കൂട്ടായ്മയിൽ നിന്ന് മാറി നിന്നതോടെ സി.പി.എമ്മിന്റെ ബി.ജെ.പി വിരോധം കാപട്യമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയോടും നരേന്ദ്രമോദിയോടുമുള്ള വിധേയത്വം ഉപേക്ഷിക്കാൻ തങ്ങൾ തയ്യാറല്ലന്നുള്ള പ്രഖ്യാപനം കൂടിയാണ് ഈ വിട്ടു നിൽക്കൽ. ബി.ജെ.പി ഫാസിസ്റ്റ് പാർട്ടിയല്ലന്ന പഴയ നിലപാടിൽ ചെറിയമാറ്റം വരുത്താൻ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും മോദിയെയും ബി.ജെ.പിയെയും അലോസരപ്പെടുത്തുന്ന ഒരു കാര്യവും തങ്ങൾ ചെയ്യില്ലന്ന ദൃഢ നിശ്ചയത്തിലാണ് സി.പി.എം അഖിലേന്ത്യാ നേതൃത്വം.
കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകൂട്ടായ്മയെ തകർക്കാനുള്ള ഏത് ശ്രമവും സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെടുത്തുകയും അവരെ ബി.ജെ.പി യുടെ ബി ടീമാക്കി മാറ്റുമെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.