തിരുവനന്തപുരം : വമ്പൻ സിനിമകളുടെ കാലമാണ് വരുന്നതെന്നും ജീവിത ഗന്ധിയായ ചെറിയ സിനിമകൾ ഇല്ലാതാകുമെന്നും പ്രശസ്‌ത സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി പറഞ്ഞു. സാങ്കേതിക തികവുള്ള ബിഗ് ബഡ്‌ജറ്റ് സിനിമകൾക്കേ ഭാവിയിൽ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ കഴിയൂ എന്നുള്ള പുതിയ സംസ്‌കാരമുണ്ടാകുന്നുണ്ടെന്നും പ്രസ് ക്ളബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. വെബ് സീരീസുകളുടെയും മറ്റും കാലത്ത് പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുക എന്നതാണ് സിനിമ നേരിടുന്ന വെല്ലുവിളി.
ജീവിതം പറയുന്ന കൊച്ചു സിനിമകളുണ്ടായാലും തിയേറ്ററിൽ നിലനില്പുണ്ടാകില്ല. ബോളിവുഡിന് തുല്യമായി മലയാള സിനിമയും വൻ ബഡ്‌ജറ്റിന്റെ പിന്നാലെയാണ്. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും സാങ്കേതിക തികവില്ല. ഇത്തരത്തിൽ പ്രേക്ഷകരെ പറ്റിക്കുന്നതിൽ ഏറെയും മൾട്ടിപ്ലക്‌സ് തിയേറ്ററുകളാണ്. മലയാള സിനിമയിലെ ടെക്‌നിക്കൽ സംഘടനകൾ കുശുമ്പും കുന്നായ്മയും നിറുത്തി സാങ്കേതിക കാര്യങ്ങളിൽ ബോധവത്കരണം നടത്തണം.
സിനിമയ്‌ക്കായി ഒന്നും ചെയ്യാതെ സർക്കാർ നികുതി മാത്രം ഈടാക്കുകയാണ്. താൻ ശബ്‌ദ സംവിധാനം നിർവഹിച്ച വി.കെ. പ്രകാശിന്റെ 'പ്രാണ" സിനിമ മികച്ച തിയേറ്റർ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാക്കളായ സുരേഷ് രാജ്, പ്രവീൺ എസ്. കുമാർ, സംഗീത സംവിധായകൻ അരുൺ വിജയ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് സ്വാഗതവും സെക്രട്ടറി എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.